ജില്ലാ അത്‌ലറ്റിക് മീറ്റ്: ഐഡിയല്‍ കുതിക്കുന്നു

മുജീബ് ചേളാരി

തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 48ാ മത് ജില്ലാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ തുടക്കമായി. മീറ്റിന്റെ ഒന്നാം ദിവസം 59 മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ 25 സ്വര്‍ണവും 20 വെള്ളിയും 13 വെങ്കലവുമടക്കം 361 പോയിന്റുമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ബഹുദൂരം മുന്നില്‍. അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, ഏഴ് വെങ്കലവും നേടി 112.5 പോയിന്റുമായി കെഎച്ച്എംഎച്ച്എസ് വാളക്കുളം രണ്ടാം സ്ഥാനത്തും എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 110 പോയിന്റുമായി തവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ രാവിലെ ഒമ്പതിന് കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസയ്ന്‍ പതാക ഉയര്‍ത്തിയതോടെ മീറ്റിന് തുടക്കമായി. മുഖ്യ രക്ഷാധികാരി എസ് കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. ദേശീയ എക്‌സിക്യുട്ടിവ് അംഗം പ്രഫ. വേലായുധന്‍ കുട്ടി, ജില്ലാ സെക്രട്ടറി കെ കെ രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഋഷികേശ് കുമാര്‍, മുഹമ്മദ് ഖാസിം, ഷുക്കൂര്‍ ഇല്ലത്ത് സംസാരിച്ചു.
മീറ്റ് ഇന്ന് സമാപിക്കും. വൈകീട്ട് പി അബ്ദുല്‍ ഹമീദ് എംഎല്‍എ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിക്കും. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 14,16,18,20 വയസ്സിന് താഴെയും 20 വയസ്സിന് മുകളിലും അഞ്ച് കാറ്റഗറി കളിലായി 55 ക്ലബുകളില്‍ നിന്നായി 2000ത്തോളം കായികതാരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top