ജില്ലാതല പട്ടയമേള 13ന് കാഞ്ഞങ്ങാട്ട് ; 2000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുംകാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായുള്ള സംസ്ഥാനത്തെ ആദ്യ പട്ടയമേള 13ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ ജില്ലയിലെ 2000 കുടുംബങ്ങള്‍ക്ക് മേളയില്‍ പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. പതിറ്റാണ്ടുകളായി കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവര്‍ക്കാണ് പട്ടയം നല്‍കുന്നത്. പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.  എഡിഎം കെ അംബുജാക്ഷന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) എച്ച് ദിനേശന്‍, നഗരസഭ കൗണ്‍സിലര്‍ റാഷിദ്, കെ രമേന്ദ്രന്‍, തഹസില്‍ദാര്‍മാരായ കെ രവികുമാര്‍, ജയരാജന്‍ വൈക്കത്ത്, വി സൂര്യനാരായണന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഭാസ്‌കരന്‍, കെ നാരായണന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top