ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇനി എല്ലാ മാസവും

പത്തനംതിട്ട: ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇനി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലയിലെ ഒരു താലൂക്കില്‍ വീതം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം സംഘടിപ്പിക്കുന്ന ആദ്യ അദാലത്ത് നാളെ രാവിലെ 9.30ന് തിരുവല്ല ഡിടിപിസി സത്രം ഓഡിറ്റോറിയത്തില്‍ നടക്കും. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കലക്ടറെ കണ്ട് പരാതി നല്‍കാം.  ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. ജില്ലാ കലക്ടര്‍ക്കൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും താലൂക്ക്തല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. അദാലത്തിന്റെയും തുടര്‍  പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി ജില്ലാ കലക്ടറേറ്റുകളിലും ആര്‍ഡിഒ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ആവശ്യമായ ജീവനക്കാരെ ഉള്‍പ്പെടുത്തി പിപിഎ സെല്‍ രൂപീകരിക്കും. താലൂക്കിലെ പിപിഎ സെല്ലിന്റെയും അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍ നടപടിയുടെ പൂര്‍ണ ഉത്തരവാദിത്വം അതത് തലൂക്ക് തഹസീല്‍ദാര്‍ക്കായിരിക്കും. ഓരോ താലൂക്കിന്റെയും ചുമതല ഓരോ ഡെപ്യുട്ടി കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഡെപ്യുട്ടി കലക്ടര്‍മാര്‍ പഞ്ചായത്തു തലത്തില്‍ പഞ്ചായത്തു പ്രസിഡന്റ്, മെമ്പര്‍മാര്‍, പാര്‍ലമെന്റ്/നിയമസഭ പ്രാതിനിധ്യമുള്ളവര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തുകയും അദാലത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും എല്ലാവരുടേയും സഹകരണം ഉറപ്പാക്കുകയും ചെയ്യും. താലൂക്ക്/വില്ലേജ് ജീവനക്കാര്‍  ഉള്‍പ്പെടെയുള്ളവര്‍ക്ക് അദാലത്തുകളില്‍  അപേക്ഷ സ്വീകരിക്കുന്നതും പൊതുജനങ്ങളോട് ഇടപെടേണ്ട രീതി സംബന്ധിച്ചും അവബോധം നല്‍കിയിട്ടുണ്ട്.     ഒരു അദാലത്ത് തീയതിക്ക് 15 ദിവസം മുന്‍പ് വരെ ലഭിക്കുന്ന അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്ത് നടക്കുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന രീതിയില്‍ വിഷയം തിരിച്ച് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കും. ലഭിക്കുന്ന എല്ലാ അപേക്ഷകളും സോഫ്ട്‌വെയറില്‍  ഉള്‍പ്പെടുത്തിയാകും തുടര്‍ നടപടി സ്വീകരിക്കുക. അദാലത്ത് വേദിയില്‍ സിഎംഡിആര്‍എഫ് സംബന്ധിച്ച പരാതി ലഭിക്കുന്ന പക്ഷം അവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് സൗകര്യം ഒരുക്കുകയും കൈപ്പറ്റ് രസീത് നല്‍കുകയും ചെയ്യും.  മറ്റ് വകുപ്പുകളിലേക്ക് അപേക്ഷകള്‍ കൈമാറുന്നത് ഓണ്‍ലൈനായിട്ടായിരിക്കും. ഇതു ബന്ധപ്പെട്ട അപേക്ഷകനെ അറിയിക്കും.  സര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്നു കാണുന്ന അപേക്ഷകള്‍, അവ ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍  തന്നെ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കും. ഇക്കാര്യം അപേക്ഷകനെ അറിയിക്കും.

RELATED STORIES

Share it
Top