ജില്ലയ്ക്ക് അഭിമാനമായി നേപ്പാളില്‍ നിന്നെത്തിയ മനീഷ ധാന്‍ബഹദൂര്‍

മുള്ളേരിയ: നേപ്പാളില്‍ നിന്നെത്തിയ മനീഷ നേടിയത് ജില്ലയിലെ മികച്ച വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചപ്പോള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ജില്ലയിലെ രണ്ട് കുട്ടികളില്‍ ഒരാളാണ് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മനീഷ. നേപ്പാള്‍ സ്വദേശി ധാന്‍ബഹദൂറിന്റെ മൂത്തമകളാണ് മനീഷ. മുള്ളേരിയ ടൗണിലെ കടകളുടേയും ധനകാര്യസ്ഥാപനങ്ങളുടേയും കാവല്‍ ജോലിയാണ് ധാന്‍ബഹദൂറിന്.
പലപ്പോഴും ഉറക്കമില്ലാതെ പിതാവിനെ കാത്ത് നില്‍ക്കുന്ന മാതാവിന് കൂട്ടായി പുസ്തകമെടുത്ത് വായിക്കും. പ്രതീക്ഷിക്കാതെ എല്ലാം വിഷയത്തിലും എ പ്ലസ് സ്വന്തമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മനീഷ. 20 വര്‍ഷമായ വാടകവീട്ടിലാണ് താമസം. ഇപ്പോള്‍ മുള്ളേരിയ ബേങ്ങത്തടുക്കയിലാണ് താമസം.
മാതാവ് സുജയും നേപ്പാള്‍ സ്വദേശിയാണ്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി നേപ്പാളില്‍ പോയിരിക്കുന്ന ധാ ന്‍ബഹദൂര്‍ ആണ് മകളെ അഭിനന്ദിക്കാന്‍ ആദ്യം വിളിച്ചതും. പ്രത്യേക സഹായമോ പരിശീലനമോ ഇല്ലാതെ ചിട്ടയായ പഠനം മാത്രമാണ് വിജയത്തിന് പിന്നില്‍. നേപ്പാളി, ഹിന്ദി, മലയാളം, കന്നട, തുളു അടക്കം ആറോളം ഭാഷകള്‍ നന്നായി സംസാരിക്കും ഈ മിടുക്കി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മൂള്ളേരിയ.
മനീഷയ്‌ക്കൊപ്പം പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ 69 പേര്‍ക്ക് മാത്രമാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. ജില്ലയില്‍ 1347 കുട്ടികളാണ് പരീക്ഷയെഴുതിയത്. 1026 പേര്‍ വിജയിച്ചപ്പോള്‍ എല്ലാം വിഷയത്തിലും എ പ്ലസ് നേടിയ മനീഷയ്‌ക്കൊപ്പം ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ എം അമൃതയുമാണ്.

RELATED STORIES

Share it
Top