ജില്ലയ്ക്കുള്ളത് ഏറെ വികസന സാധ്യതകള്‍: ഡോ.വികെ രാമചന്ദ്രന്‍

കാസര്‍കോട്: വിവിധ മേഖലകളില്‍ ഏറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്  വൈസ് ചെയര്‍മാന്‍ ഡോ.വികെ രാമചന്ദ്രന്‍ പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി രജതം- 2018 യുടെ ഭാഗമായി നടത്തിയ ഏകദിന ശില്‍പശാലയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തില്‍ ജില്ലാതല വരുമാനത്തില്‍ ജില്ലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനവും സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നത്. കൃഷി, മൃഗവിഭവം, മല്‍സ്യം, വ്യാവസായിക, വിനോദസഞ്ചാര സാധ്യതകള്‍ ഏറെയുള്ള ജില്ലയുടെ  മൊത്തത്തിലുള്ള വികസനത്തിനുവേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പദ്ധതി തയ്യാറാക്കുന്നതില്‍ ജില്ലാ ആസുത്രണ സമിതി (ഡിപിസി)യുടെ പരിശ്രമങ്ങള്‍, സ്ഥല സംബന്ധിയായ സംയോജനം, മേഖലാ സംയോജനം, വിഭവങ്ങളുടെ സംയോജനം എന്നിവയിലൂടെ ജില്ലകളുടെ സന്തുലിതവും സംയോജിതവുമായ വികസനം കൈവരിക്കുക എന്നതാണ് ജില്ലാ പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, അക്കാദമിക പണ്ഡിതര്‍, വിദഗ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ഡിപിസി തയ്യാറാക്കിയ ജില്ലാ പദ്ധതി രേഖ കാസര്‍കോടിന്റെ വികസന ചരിത്രത്തിലെ വിലപ്പെട്ട രേഖയാണ്. 2018-19 ലെ വാര്‍ഷിക പദ്ധതി ജില്ലാ പദ്ധതിക്കു കീഴില്‍ സംയോജിത പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജതജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പദ്ധതി രേഖയുടെ പ്രകാശനം എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന് നല്‍കി നിര്‍വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി അഹമ്മദ്കുഞ്ഞി, ഇ പത്മാവതി, അഡ്വ.പിപി ശ്യാമളാദേവി മുന്‍ അനുഭവങ്ങള്‍ വിവരിച്ചു.
മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെഎന്‍ ഹരിലാല്‍  ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, യുഎല്‍ സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ഡോ.ടിപി സേതുമാധവന്‍, സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍, ജില്ലാ പ്ലാനിങ്ഓഫിസര്‍ കെഎം സുരേഷ്, കെ ബാലകൃഷ്ണന്‍, നിനോജ് മേപ്പടിയത്ത്  സംസാരിച്ചു.

RELATED STORIES

Share it
Top