ജില്ലയെ ഭീതിയിലാഴ്ത്തി എലിപ്പനി;സ്ഥിരീകരിച്ചത് 10പേര്‍ക്ക്

മലപ്പുറം: പ്രളയ ദുരിതം വിട്ടും മാറും മുമ്പേ ഭീതി പരത്തി ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു. പ്രളയം ബാധിത മേഖലയിലാണ് എലിപ്പനി പടരുന്നത്. രണ്ടു ദിവസത്തിനിടെ ജില്ലയില്‍ രണ്ടു മരണമാണ് റിപോര്‍ട്ട് ചെയ്തത്. 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48പേര്‍ നിരീക്ഷണത്തിലാണ്. എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന വീട്ടമ്മയാണു ഇന്നലെ മരിച്ചത്. ചമ്രവട്ടം ചെറുകുളം രാജന്റെ ഭാര്യ ശ്രീദേവി(45)മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശ്രീദേവി മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്രീദേവിയെ പനി ബാധിച്ച് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമാവാത്തതിനാല്‍ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണെന്ന്്് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന്്് വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് മരിച്ചത്. ഇതിനു പുറമെ പെരിന്തല്‍മണ്ണ എരവിമംഗലം പാട്ടശേരി സുകുമാരന്റെ ഭാര്യ പ്രമീള(42) കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ചുമരിച്ചിരുന്നു. എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ആറുപേരാണ് ഇന്നലെ മാത്രം നിരീക്ഷണത്തിലായത്. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. വീട്ടില്‍ വെള്ളം കയറിയവരും രക്ഷാപ്രവര്‍ത്തനത്തിനടക്കം വെള്ളത്തില്‍ ഇറങ്ങിയവരും നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. മിക്ക സ്ഥലത്തും ഗുളിക വിതരണം ചെയ്തിട്ടുണ്ടെങ്കിലും പലരും അത് കുടിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പല കിണറുകളിലും അഴുക്കുവെള്ളം കലര്‍ന്നിട്ടുണ്ട്. ഇവിടെ ക്ലോറിറേഷന്‍ നടത്തണം. ചിലയിടത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. തിളപ്പിച്ചാറി മാത്രമേ വെള്ളം കുടിക്കാവൂ.എലിപ്പനി രോഗമുള്ളവര്‍ പുറത്തിറങ്ങാതെ പരമാവധി മറ്റുള്ളവരില്‍ നിന്നകന്ന് വീട്ടില്‍ കഴിയണം. അസുഖമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. പകര്‍ച്ച വ്യാധികള്‍ പടരുന്നുണ്ടോ എന്നറിയാനും നടപടികളെടുക്കാനും ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. രോഗ വിവരങ്ങളും പുതിയ പ്രവണതകളും അപ്പപ്പോള്‍ അറിയിക്കാ ന്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കടക്കം നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചികിത്സക്കായി എത്തുന്നവര്‍ വെള്ളത്തില്‍ ഇറങ്ങിയവരാണെങ്കില്‍ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിക്കണം. വെള്ളം കയറി കേടുവന്ന സാധനങ്ങള്‍ പലരും വീട്ടിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. അവ മാറ്റുകയോ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുകയോ വേണം. അല്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താ ന്‍ നിര്‍ദേശമുണ്ട്. ജില്ലയില്‍ ഭീതിപരത്തുന്ന തരത്തില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശുചീകരണ പ്രവര്‍ത്തികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top