ജില്ലയില്‍ 2500 ജലസാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ: പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം എന്ന ലക്ഷ്യത്തോടെ ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലയില്‍ 2500 ജലസാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെയാണ് ക്ലാസുകള്‍ നടത്തുക. ഈ പഠിതാക്കളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോ പഠിതാവും തന്റെ വാസസ്ഥലത്തിന്റെ സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസെടുക്കും. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ എന്ന കണക്കില്‍ 15 പേര്‍ക്കാണ് ക്ലാസ്. ജില്ലയില്‍ 37,500 കുടംബങ്ങള്‍ക്ക് ജലസാക്ഷരതാ ക്ലാസ് ലഭിക്കും. 20 മുതല്‍ സപ്തംബര്‍ 20 വരെയാണ് ക്ലാസ്.
ജലസാക്ഷരതാ കാംപയിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ പ്രത്യേക പാഠാവലിയും തയ്യാറാക്കിയിട്ടുണ്ട്. ജലം പരിസ്ഥിതി സാക്ഷരതാ പാഠം എന്നാണ് പാഠാവലിയുടെ പേര്. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സാമൂഹികസാക്ഷരതാ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് പരിസ്ഥിതി സാക്ഷരത. പരിസ്ഥിതി സാക്ഷരതാ സര്‍വേയിലൂടെ സമൂഹത്തിന്റെ പരിസ്ഥിതി അവബോധം മനസിലാക്കുകയാണ് ആദ്യം ചെയ്തത്. ജലം, മണ്ണ്, ജൈവവൈവിധ്യം, കാലാവസ്ഥ, ഹരിത ഭവനം, മാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് പരിസ്ഥിതി സാക്ഷരതാ പരിപാടി.
ജലസംരക്ഷണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം 20ന് രാവിലെ 10 മണിക്ക് വയനാട് ഡയറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിക്കും. ജില്ലാ മണ്ണ്‌സംരക്ഷണ ഓഫിസര്‍ പി യു ദാസ് ക്ലാസെടുക്കും.

RELATED STORIES

Share it
Top