ജില്ലയില്‍ 24,691 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈവശം

മലപ്പുറം: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഢംബര കാറുകള്‍ കൈവശവച്ചവരും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തി. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ജ്ഞാന പ്രകാശ് അറിയിച്ചു. ജില്ലയില്‍ 24,691 പേര്‍ അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശവച്ചതായി വകുപ്പ് കണ്ടെത്തി. ഇതില്‍ 6,602 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 2,034 പെന്‍ഷന്‍ ഗുണഭോക്താക്കള്‍, മറ്റു വിഭാഗത്തില്‍പെട്ടവരായി 16,058 പേരെയും കണ്ടെത്തിയിട്ടുണ്ട്. മറ്റ് വിഭാഗത്തില്‍പെട്ടവരിലാണ് ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുള്ളത്. കാര്‍ഡുകള്‍ അനധികൃതമായി ൈകവശം വച്ച മുഴുവന്‍ പേരില്‍ നിന്നും പിഴയും വാങ്ങിയ സാധനത്തിന്റെ വിലയും ഈടാക്കും. ഇതിനു പുറമെ നിയമ നടപടിയുമുണ്ടാവും. ബെന്‍സ്, സ്‌കോഡ, ഇന്നോവ, സ്‌കോര്‍പ്പിയോ തുടങ്ങിയ ആഢംബര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ എഎവൈ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. ഈ കാര്‍ഡുടമകള്‍ക്കെതിരേ എന്‍എഫ്എസ്എ നടപ്പാക്കിയ 2016 നവംബര്‍ മുതല്‍ അന്യായമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പിഴ ഉള്‍പ്പെടെയുള്ള ഇക്കണോമിക് നിരക്കിലെ തുക ഈടാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കും. അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍, റേഷന്‍ കാര്‍ഡ് കണ്ടുകെട്ടല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ കര്‍ശന നടപടികള്‍ വകുപ്പ് സ്വീകരിക്കും. മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍മാര്‍, ആദായ നികുതി നല്‍കുന്നവര്‍, നാലു ചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍ എന്നിവര്‍ക്കെതിരേ ഇനിയൊരറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top