ജില്ലയില്‍ 21,030 വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്

കോട്ടയം: നാല് വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 21,030 വിദ്യാര്‍ഥികള്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തും. ഇതില്‍ 10,588 ആണ്‍കുട്ടികളും 10,442 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
കോട്ടയം വിദ്യാഭ്യാസ ഉപജില്ലയിലാണ് ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്- 8302 പേര്‍. ഇതില്‍ പെണ്‍കുട്ടികള്‍ 4168ഉം ആണ്‍കുട്ടികള്‍ 4134ഉം ആണ്. കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്- 428 കുട്ടികള്‍. കുറവ് ചങ്ങനാശേരി വടക്കേക്കര ഗവ. എച്ച്എസ്എസിലും- അഞ്ചുപേര്‍.
1,785 പെണ്‍കുട്ടികളും 1776 ആണ്‍കുട്ടികളും ഉള്‍പ്പടെ 3,516 കുട്ടികളാണ് കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലയില്‍നിന്ന് പരീക്ഷയെഴുതുക. കാഞ്ഞിരപ്പള്ളിയില്‍ 5,578 കുട്ടിക (2790 പെണ്‍കുട്ടികള്‍, 2788 ആണ്‍കുട്ടികള്‍) ളും പാലായില്‍ 3,589 വിദ്യാര്‍ഥിക (1890 ആണ്‍കുട്ടികളും 1699 പെണ്‍കുട്ടികള്‍) ളുമാണ് പരീക്ഷയെഴുതുന്നത്. കോട്ടയം എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരുന്നത്. ചോദ്യപേപ്പറുകള്‍ തരംതിരിച്ച് 15 ക്ലസ്റ്ററിന്റെ കീഴിലുള്ള ആറ് ട്രഷറിയിലും ഒമ്പത് ബാങ്കുകളിലുമായാണ് സൂക്ഷിച്ചത്.
പരീക്ഷാ ദിവസങ്ങളില്‍ രാവിലെ അതത് സ്‌കൂളുകളില്‍ ഇവിടെനിന്നും ചോദ്യപേപ്പറെത്തിക്കുകയാണ് ചെയ്യുന്നത്. പരീക്ഷയ്ക്ക് ശേഷം ഉത്തരകടലാസുകള്‍ സീല്‍ ചെയ്ത് സമീപത്തെ പോസ്‌റ്റോഫിസ് വഴി മൂല്യനിര്‍ണയ ക്യാംപിലേക്ക് അയച്ചുനല്‍കും. പരീക്ഷ 26ന് സമാപിക്കും. ഉച്ചയ്ക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. ഇതില്‍ 12 ന് നടത്താനിരുന്ന പരീക്ഷ 28 ലേക്ക് മാറ്റിയിട്ടുണ്ട്.
മലയാളം ഒന്നാംപേപ്പറാണ് ആദ്യപരീക്ഷ. പരീക്ഷാ നടത്തിപ്പിനും നിരീക്ഷണത്തിനുമായി കലക്ടര്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡുണ്ടാവും. വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തലത്തിലുള്ള സ്‌ക്വാഡും ഡിഡി തലത്തിലും ഡിഇഒ തലത്തിലും സ്‌ക്വാഡുകളുണ്ട്.

RELATED STORIES

Share it
Top