ജില്ലയില്‍ 140 വീടുകള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

കോട്ടയം: ജില്ലയില്‍ കനത്തമഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ച ശക്തമായ മഴ ഇന്നലെയും തുടര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. വീശിയടിച്ച കാറ്റില്‍ മരം വീണ് വീടുകള്‍ തകര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളിലേക്കു മരം വീണു ഗതാഗത തടസ്സവും നേരിട്ടിരുന്നു. മണിക്കൂറുകളോളം വൈദ്യുതി തടസ്സവും നേരിട്ടു. ജില്ലയില്‍ നാലിടത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കോട്ടയത്ത് വേളൂര്‍, വൈക്കം, കല്ലറ എന്നിവടങ്ങളിലാണു ദുരിതാശ്വാസ ക്യാംപ് തുറന്നത്. തുടര്‍ച്ചയായ മഴയില്‍ മീനച്ചിലാറ്റിലെയും തോടുകളിലെയും ജലനിരപ്പ് ഉയര്‍ന്നു. കുമരകം, വൈക്കം, തിരുവാര്‍പ്പ്, കാരാപ്പുഴ, അയ്മനം, അര്‍പ്പൂക്കര തുടങ്ങിയ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറി ജനജീവിതം ദുരിതത്തിലായി.
വീട്ടില്‍ വെള്ളം കയറിയ കുടുംബങ്ങളെ ദുരിതാശ്വാസ കാംപിലേക്ക് മാറ്റി. കോട്ടയം വേളൂര്‍ സെന്റ് ജോണ്‍സ്് എച്ച്എസ്, വൈക്കം ഉദയനാപുരം കൊടിയാടി കമ്മ്യൂണിറ്റി സെന്റര്‍, വൈക്കം ഉദയനാപുരം വൈക്കപ്രയാര്‍ എസ്എന്‍എല്‍പിഎസ്, കല്ലറ ഗവ. ഹരിജന്‍ വെല്‍ഫയര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്. വേളൂര്‍ സെന്റ് ജോണ്‍സ്് എച്ച്എസില്‍ ഒരു കുടുംബത്തിലെ എട്ടു പേരും വൈക്കം കൊടിയാടി കമ്മ്യൂണിറ്റി സെന്ററില്‍ 10 കുടുംബങ്ങളിലായി 19 പേരും വൈക്കപ്രയാര്‍ എസ്എന്‍എല്‍പിഎസില്‍ രണ്ട് കുടുംബങ്ങളിലായി എട്ടു പേരും കല്ലറ ഗവ.ഹരിജന്‍ വെല്‍ഫയര്‍ സെന്ററില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും പ്രവേശിച്ചിട്ടുണ്ട്. കോട്ടയം ശാസ്ത്രി റോഡിനു സമീപം താമസിക്കുന്ന ടീന എന്ന സ്്ത്രീയുടെ വീട്ടില്‍ വെള്ളം കയറി ഫ്രീഡ്ജ്, ടിവി തുടങ്ങിയ വീട്ടുപകരങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് കോട്ടയം ഫയര്‍ഫോഴ്്‌സെത്തി സമീപത്തെ ഓടയുടെ സ്ലാബ് പൊളിച്ചുനീക്കി വെള്ളം അതിലൂടെ ഒഴുക്കിവിട്ടു.
ജില്ലയില്‍ 140ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കോട്ടയം താലൂക്കില്‍ 37 വീടുകള്‍ തകര്‍ന്ന് 1.95 ലക്ഷം രൂപയുടെ നാശം സംഭവിച്ചപ്പോള്‍ ചങ്ങനാശ്ശേരിയില്‍ 89 വീടുകള്‍ തകര്‍ന്ന് 37.25 ലക്ഷം രൂപയുടെയും വൈക്കം താലൂക്കില്‍ 12 വീടുകള്‍ തകര്‍ന്ന് 1.15 ലക്ഷം രൂപയുടെയും മീനച്ചില്‍ താലൂക്കില്‍ രണ്ട് വീടുകള്‍ തകര്‍ന്ന് 8,500 രൂപയുടെയും നാശം സംഭവിച്ചിട്ടുണ്ട്. ഇന്നലെയും ശനിയാഴ്ചയുമായി കോട്ടയത്തിന്റെ വിവിധ ഇടങ്ങളിലാണ് മരം വീണ് വീടു തകര്‍ന്നതും ഗതാഗത തടസ്സം നേരിട്ടതും. കോട്ടയം, മൂലവട്ടം, പനച്ചിനിക്കാട്, കാരാപ്പുഴ, അയ്മനം, മണിയാപറമ്പ്, എസ്എച്ച് മൗണ്ട്, പുതുപ്പള്ളി പാറയ്ക്കല്‍ക്കടവ്, ചങ്ങനാശ്ശേരി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മരം കടപുഴകിയത്.
കഴിഞ്ഞ ദിവസം പൂവന്തുരുത്തിനു സമീപം റെയില്‍വേ ലൈനിലേക്കു മഹാഗണി മരത്തിന്റെ കൊമ്പ് വീണിരുന്നു. ഈ സമയം കടന്നുപോയ ട്രെയിന്റെ എന്‍ജിന്‍ ഡ്രൈവര്‍ ചിങ്ങവനം സ്‌റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ മരക്കൊമ്പ് മുറിച്ചുമാറ്റി. ദാനക്കുളം പാലത്തിങ്കല്‍ ടോപ്പില്‍ ശ്രീധരന്റെ വീടിനു മുകളിലേക്കു ആഞ്ഞിലി മരം മറിഞ്ഞുവീണു. കോടിമത, റെയില്‍വേ ഗുഡ്‌ഷെഡ് റോഡ്, പരിപ്പ്, അറുത്തൂട്ടി, പരിപ്പ്, കൊല്ലാട് എന്നിവടങ്ങളിലും മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സം നേരിട്ടു. കോട്ടയം നഗരത്തില്‍ സിഎംഎസ് കോളജിനു സമീപം തെങ്ങ് മറിഞ്ഞുവീണു. കാരാപ്പുഴ അമ്പലക്കടവ് പതിനാറില്‍ചിറ ഭാഗത്തു പുളിമരം മറിഞ്ഞ് കാറിനു മുകളില്‍ വീണ് കാര്‍ തകര്‍ന്നു. പള്ളം പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപം വീടിനു മുകളില്‍ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ആര്‍പ്പൂക്കര വെട്ടൂര്‍ കവലയ്ക്കു സമീപം തെങ്ങ് വൈദ്യുതി ലൈനിലേക്കു മറിഞ്ഞ് വീണു. ശനിയാഴ്ച രാത്രി ഏറെ വൈകിയും വീടുകള്‍ക്കു മുകളിലും റോഡിലും വീണ മരം മുറിച്ചു മാറ്റുന്നതില്‍ കോട്ടയം ഫയര്‍ഫോഴ്‌സ് പരിശ്രമത്തിലായിരുന്നു. ഇന്നലെയും നിരവധി സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചങ്ങനാശ്ശേരി: ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും കുറിച്ചിയില്‍ വീടു തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കില്ല. കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറ്റിക്കണ്ടത്തില്‍ കുഞ്ഞൂഞ്ഞമ്മയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ഈ സമയത്ത് ഇവരും മരുകള്‍ സാലിയും ശബ്ദംകേട്ടു പുറത്തേക്കു ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ടിന്‍ഷീറ്റ് പാകിയ വീടിന്റെ അടുക്കള ഭിത്തി മറിഞ്ഞ് അകത്തെ മുറിയുടെ ഭിത്തിയിലേക്കു വീഴുകയും തുടര്‍ന്നു മറ്റു ഭിത്തികള്‍ക്കെല്ലാം വിള്ളല്‍ ഉണ്ടാകുകയും ചെയ്തു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള വീടു ഇതോടെ വാസയോഗ്യമല്ലാതായിട്ടുണ്ട്. കുറിച്ചി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ഈ വീട്. ഇവര്‍ക്കു അടിയന്തര സഹായം എത്തിക്കണമെന്നു വിവിധ സംഘടകള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top