ജില്ലയില്‍ 10 കോളനികളില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി

കണ്ണൂര്‍:   പിന്നാക്ക പട്ടികജാതി കോളനികളെ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
തിരഞ്ഞെടുത്ത പട്ടികജാതി കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം 10 കോളനികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇവിടെ റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുളള സൗകര്യങ്ങളുടെ നവീകരണങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കും. ധര്‍മടം അംബേദ്കര്‍, പള്ളിപ്രം, അവേര, പുഞ്ചവയല്‍, വെടിയപ്പന്‍ചാല്‍, കോറളായി, മാടക്കാംപൊയില്‍, കാരന്താട്, അത്താഴക്കുന്ന്, മുണ്ടയാട് കോളനികളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച തുകയുടെ 96 ശതമാനവും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത്. കോര്‍പസ് ഫണ്ട് ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച ജില്ലയാണ് കണ്ണൂര്‍.പട്ടികജാതി വികസന വകുപ്പ് 2016-17 വര്‍ഷത്തില്‍ പട്ടികജാതിക്കാരുടെ സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിട്ടുണ്ട്. 24.67 കോടി രൂപയില്‍ 23.65 കോടി രൂപ ചെലവഴിച്ചു. പ്രത്യേക കേന്ദ്ര പദ്ധതി ഇനത്തില്‍ അനുവദിച്ച 22.5 ലക്ഷം രൂപ വിനിയോഗിച്ച്് പട്ടികജാതി യുവാക്കള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാനും, തനത് കലകള്‍  പ്രോല്‍സാാഹിപ്പിക്കാനും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കൂടാതെ, പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയില്‍ അയ്യങ്കാളി ടാലന്റ് സര്‍ച്ച് പരീക്ഷകള്‍ നടത്തി സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. വിദേശത്ത് തൊഴില്‍ തേടുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ സഹായവും നല്‍കുന്നുണ്ട്.

RELATED STORIES

Share it
Top