ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

മലപ്പുറം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായി നടത്തിയ ഹര്‍ത്താലില്‍ കടകമ്പോളങ്ങളും പൊതുഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. നഗരപ്രദേശങ്ങള്‍ക്ക് പുറമെ മലയോരങ്ങള്‍, തീരദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഉള്‍പ്രദേശങ്ങളില്‍ പോലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില നന്നേ കുറവായിരുന്നു. കലക്ടറേറ്റില്‍ ആകെ 62 ജീവനക്കാരാണ് ഹാജരായത്. കെഎസ്ആര്‍ടിസിയില്‍ സംഘടനകളൊന്നും പണിമുടക്കിന് നോട്ടീസ് കൊടുത്തിട്ടില്ലെങ്കിലും ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. മലപ്പുറം ഡിപ്പോയില്‍ നിന്ന് തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് ബസ്സുകള്‍ പോലിസ് സംരക്ഷണത്തോടെ സര്‍വീസ് നടത്തി. സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. ടാക്‌സി വാഹനങ്ങളും പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവച്ചു. ബൈക്ക് യാത്രികരാണ് കാര്യമായി നിരത്തുകളിലുണ്ടായിരുന്നത്. രാവിലെ ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ തടഞ്ഞില്ല. എടപ്പാള്‍, തവനൂര്‍, വട്ടംകുളം മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലും പേരിനുമാത്രമാണ് ജീവനക്കാരെത്തിയത്. എത്തിയവര്‍ തന്നെ ഒരുമണിക്കൂറിനകം പോവുകയും ചെയ്തു. രാവിലെ പതിനൊന്നോടെ ഹര്‍ത്താലനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനം കാത്തുനിന്ന നിരവധി പേര്‍ക്ക് പോലിസ് വാഹനങ്ങളാണ് തുണയായത്. കുറ്റിപ്പുറം ടൗണില്‍ കടകമ്പോളങ്ങള്‍ തുറന്നില്ല. ബസ് സ്റ്റാന്റിനകത്തെ ചില തട്ടുകടകള്‍ മാത്രമായിരുന്നു ജനങ്ങള്‍ക്കാശ്വാസം. എവിടേയും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ടൗണുകളില്‍ പോലിസ് വാഹനങ്ങള്‍ നിലയുറപ്പിച്ചതിനു പുറമേ എടപ്പാള്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പോലിസ് പട്രോളിങും ശക്തമാക്കിയിരുന്നു. തേഞ്ഞിപ്പലം: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങളുടെ ചങ്ങല തീര്‍ത്തത് വേറിട്ട പ്രതിഷേധമായി വാഹന ഉടമകള്‍. ദേശീയപാതയിലെ പാണമ്പ്ര മുതല്‍ കാക്കഞ്ചേരി വരെ അഞ്ച് കിലോമീറ്ററിനുള്ളിലാണ് വാഹനങ്ങള്‍ വരിയായി പാതയോരത്ത് നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. അവരവരുടെ വാഹനങ്ങള്‍ റോഡിലിട്ട് പ്രതിഷേധം ഒരു മണിക്കൂറുറോളം നീണ്ടുനിന്നു. മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെയും നിര്‍ബന്ധിപ്പിക്കലില്ലാതെയുമായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ ഒട്ടേറെ വാഹനങ്ങളാണ് സഹകരിച്ചത്. ബസ്, ചരക്കുലോറി മുതല്‍ ഇരുചക്രവാഹനങ്ങള്‍ വരെ പ്രതിഷേധ ചങ്ങലയില്‍ അണിനിരന്നു. കാറുകളാണ് ഏറെയും ചങ്ങലയില്‍ കണ്ണിയായത്. നാട്ടുകാരുടെ കൂട്ടായ്മയാണ് ഇത്തരമൊരു പ്രതിഷേധവുമായി എത്തിയത്.

RELATED STORIES

Share it
Top