ജില്ലയില്‍ ശക്തമായ കടലാക്രമണം; വീടുകള്‍ക്കു വിള്ളല്‍

കോഴിക്കോട്: ജില്ലയിലെ തീരപ്രദേശങ്ങളില്‍ അതിശക്തമാ യ കടലാക്രമണം. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകീട്ട് നാലോടെയാണ് കടലാക്രമണം രൂക്ഷമായത്. പെട്ടെന്നുള്ള കടല്‍ക്ഷോഭത്തില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
കൊയിലാണ്ടി, കാപ്പാട്, കോതി, പൂണാര്‍വളപ്പ്, ഗോതീശ്വരം, മാറാട്, ചാലിയം കൈതവളപ്പ്, ബേപ്പൂര്‍ ബീച്ച്, ചേറോട്, അഴീക്കല്‍, വടകര, കോട്ടക്കണ്ടി, കടുക്കബസാര്‍, ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളിലാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്. ശനിയാഴ്ച ആരംഭിച്ച കടല്‍ക്ഷോഭം ഇന്നലെ രാത്രിയും തുടരുകയാണ്. കോഴിക്കോട് കോര്‍പറേഷന് സമീപം കടല്‍ കയറിയത് ഇവിടെയെത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരില്‍ ഭയമുളവാക്കി.
ശക്തമായ കടലാക്രമണത്തില്‍ ചാലിയം കടുക്ക ബസാര്‍ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറി. തിരമാലകളില്‍പ്പെട്ട് കരയിടിഞ്ഞു. ഈ ഭാഗത്ത് രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പല വീടുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. ഇവിടെയുള്ള വീട്ടുകാരെല്ലാം മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. കിണറുകളില്‍ കടല്‍വെള്ളം കലര്‍ന്ന് ഉപയോഗ ശൂന്യമായി. വലിയ ഉയരത്തില്‍ തിരമാലയില്‍  ഇരച്ചെത്തിയത് തീരദേശ വാസികളില്‍ ആശങ്ക സൃഷ്ടിച്ചു. നൈനാം വളപ്പ് ബീച്ചില്‍ ശക്തമായ തിര ഉയര്‍ന്ന് റോഡിന് മറുവശം വരെയെത്തി.
തിരമാലയെ തുടര്‍ന്ന് റോഡില്‍ ചെളിയും മണ്ണും നിറഞ്ഞു. കടലുണ്ടിക്കടവില്‍ ഭിത്തി തകര്‍ന്ന ഭാഗത്തു കൂടി വെള്ളം ഇരച്ചുകയറുകയാണ്. കടലുണ്ടിക്കടവ് പാലത്തിനു സമീപം ജനവാസ കേന്ദ്രത്തില്‍ 50 മീറ്ററോളം ഭാഗത്തു കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്.
അഴിമുഖത്തുണ്ടാവുന്ന ശക്തമായ തിരയും അടിവശത്തെ മണ്ണൊലിച്ചുപോയതുമാണ് കടല്‍ സംരക്ഷണ ഭിത്തി തകരാന്‍ കാരണം. കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്ത് തിരയടി ശക്തമായതിനാല്‍ തീരത്തെ കുടുംബങ്ങള്‍ ഭീഷണി നേരിടുകയാണ്. ഗോതീശ്വരത്ത് കരിങ്കല്‍ ഭിത്തിയില്ലാത്ത ഭാഗത്താണ് കൂടുതല്‍ നാശം. കടല്‍ക്ഷോഭം രൂക്ഷമായതോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള നി ര്‍ദേശം റവന്യൂവകുപ്പിന് നല്‍കി. കടലാക്രമണം രൂക്ഷമായ 19 വില്ലേജുകളില്‍ തഹല്‍സി ല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ ക്യാംപ്് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top