ജില്ലയില്‍ വ്യാപക കഞ്ചാവ്, മയക്കുമരുന്ന് വേട്ട

തൃശൂര്‍: ജില്ലയില്‍ കഞ്ചാവ്, മയക്കുമരുന്ന് വേട്ട എക്‌സൈസും പോലിസും വ്യാപകമാക്കുമ്പോള്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാര്‍. 20 നും 30 നും ഇടയില്‍ പ്രായംവരുന്നവരാണ് പിടിയിലായവരിലേറേയും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ മയക്കുമരുന്നുമായി പിടിയിലായത് എഞ്ചിനീയറിങ്് വിദ്യാര്‍ഥിയായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പിടിയാലയവരില്‍ ഏറേയും. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കൗമാരപ്രായക്കാരാണ് പിടിയിലാവുന്നത്. വന്‍കമ്മീഷനും ബൈക്കുകള്‍പ്പടേയുള്ള സൗകര്യങ്ങളും ഒരുക്കിയാണ് കൗമാരപ്രായക്കാരെ മാഫിയ വലയിലാക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഒന്നരകിലോ കഞ്ചാവുമായി യുവാവിനെയും യുവതിയെയും ചേര്‍പ്പ് എക്‌സൈസ് പിടികൂടിയിരുന്നു. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി ഷീബ, അന്തിക്കാട് കുറ്റിപറമ്പില്‍ അക്ഷയ്, എന്നിവരെയാണ് ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജിജിപോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട്ടിലെ പളനിക്കടുത്തുള്ള സിങ്കനല്ലൂരില്‍ നിന്ന് അക്ഷയ് വില്പനയ്ക്കായി കൊണ്ടു വന്ന ‘ഉപാസി’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. പാക്കറ്റുകളിലാക്കി 300, 500, 1,000 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍. തീരദേശ മേഖലയിലെ ചെറുകിടകച്ചവടക്കാര്‍ക്കും ഫോണ്‍ മുഖേന ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ടെന്നും പ്രത്രി എക്‌സൈസിനോട് പറഞ്ഞു. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിനിയായ ഷീബ പൊള്ളാച്ചിയില്‍നിന്ന് കഞ്ചാവ് വാങ്ങി ആലപ്പാട്, പഴുവില്‍, ചാഴൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വില്‍പന നടത്തിയിരുന്നത് . ഇവരില്‍ നിന്ന് അഞ്ചു പായ്ക്കറ്റ് കഞ്ചാവ് കണ്ടെത്തി. ഇവരുടെ ബാഗില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. കഞ്ചാവ് പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറുകളും ഇവരില്‍ നിന്ന് കണ്ടെത്തി.അതേസമയം കഴിഞ്ഞ ദിവസം പഴയന്നൂരില്‍ കഞ്ചാവുമായാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്. ആലത്തൂര്‍ താഴേക്കാട്ടില്‍ ഫാസിലാണ് പിടിയിലായത്. ഇയാളില്‍ നിന്നു 6 പൊതി കഞ്ചാവും വട്ടുഗുളിക എന്നറിയപ്പെടുന്ന മയക്കുമരുന്നു ഗുളികകളും പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നെന്ന് പോലിസ് പറഞ്ഞു. പോപ്പിന്‍സ് മിഠായി എന്ന പേരില്‍ കൊടുക്കുന്ന ഒരു പൊതി കഞ്ചാവിന് 600 രൂപയാണ് പ്രതി ഈടാക്കിയിരുന്നത്.  ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ കണക്കിലെടുത്ത് മദ്യം, മയക്കുമരുന്ന് വിപണനം തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും അദ്ദേഹം അറിയിച്ചു. കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ വിതരണം മാഫിയകള്‍ വിദ്യാര്‍ഥികള്‍ വഴിയാക്കിയത് പോലിസിനും എക്‌സൈസ് അധികൃതര്‍ക്കും ചെറിയ തലവേദനയല്ലാ സൃഷ്ടിക്കുന്നത്. ഇതോടെ സ്പീഡ് ബൈക്കുകളിലും ആഡംബര വാഹനങ്ങളിലും കറങ്ങുന്ന യുവാക്കളെ പോലിസ് സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നത്. വരും ദിവസങ്ങളിലും കഞ്ചാവ്, മയക്കുമരുന്ന് വേട്ട ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.ഗുരുവായൂര്‍ സ്വദേശി ആസിഫ്, അങ്കമാലി സ്വദേശി ഡാനിയേല്‍ ഡേവിസ്, ആളൂര്‍ മറ്റം സ്വദേശി ഡെറിന്‍, ചേറ്റുപുഴ സ്വദേശി ഡിനോന്‍ എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തീരദേശമേഖലയില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയതിനിടയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലാകുന്നത്. ചെറിയ പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇവരില്‍നിന്ന് മൊത്തക്കച്ചവടക്കാരെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജോബി അറിയിച്ചു.അതേസമയം തീരദേശമേഖലയിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞദിവസം തൃപ്രയാര്‍ മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ നാലുയുവാക്കളെ വാടാനപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജോബിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top