ജില്ലയില്‍ വിവിധ കാര്‍ഷിക വികസന പദ്ധതികള്‍ക്ക് തുടക്കമാവുന്നു

കാസര്‍കോട്: പിലിക്കോടും നീലേശ്വരത്തും വിവിധ കാര്‍ഷിക പദ്ധതികള്‍ ഇന്ന് കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ അദ്ധ്യക്ഷത വഹിക്കും. പീലിക്കോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, ആത്മ കാസര്‍കോട്, കണ്ണങ്കൈ പാടശേഖര സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുഞ്ചപ്പാടം ജൈവ നെല്‍കൃഷി  കൊയ്ത്തുല്‍സവം, കോക്കനട്ട് മാള്‍, പൈതൃക നെല്‍വിത്ത് ഗ്രാമം എന്നിവയുടെ ഉദ്ഘാടനമാണ് രാവിലെ ഒമ്പതിന് നടക്കുന്നത്.
ജൈവ നെല്ലിനങ്ങളായ 'ജൈവ, ഏഴോം 2' എന്നിവ 35 ഏക്കറിലാണ് പുഞ്ചപ്പാടത്ത് വിജയകരമായി കൃഷിയിറക്കിയത്.  പീലിക്കോട് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് കോക്കനട്ട് മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ഗവേഷണ കേന്ദ്രം കാലാകാലങ്ങളായി സംരക്ഷിച്ചു വരുന്ന ഉത്തര കേരളത്തിന്റെ തനതു നാടന്‍ നെല്‍വിത്തിനങ്ങള്‍ കര്‍ഷക പങ്കാളിത്തത്തോടെ സംരക്ഷിക്കുക എന്ന നൂതന പദ്ധതിയാണ് പൈതൃക വിത്ത് ഗ്രാമം.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നീലേശ്വരം നഗരസഭ കൃഷിഭവന് അനുവദിച്ച ഇക്കോഷോപ്പ്,  ബ്ലോക്കിലെ വിവിധ പാടശേഖരങ്ങള്‍ക്ക് അനുവദിച്ച മിനി റൈസ് മില്ലുകള്‍ ഉപയോഗിച്ചുണ്ടാക്കിയ നീലേശ്വരം നാടന്‍ കുത്തരിയുടെ വിപണനം എന്നിവയുടെ ഉദ്ഘാടനം രാവിലെ 11.30ന് നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് നടക്കും.
ഇതോടൊപ്പം വിള ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച് രാവിലെ 10 മുതല്‍ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

RELATED STORIES

Share it
Top