ജില്ലയില്‍ വികസന മുരടിപ്പ്; ക്രമസമാധാന നില തകര്‍ന്നു-എം സി ഖമറുദ്ദീന്‍

കാസര്‍കോട്്: ജില്ല വികസന മുരടിപ്പിലേക്കാണെന്നും ക്രമസമാധാന നില പാടെ തകര്‍ന്നുവെന്നും മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ പറഞ്ഞു. പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീമേനിയില്‍ ദേവകി എന്ന റിട്ട. അധ്യാപിക കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. പട്ടാപകല്‍ പോലും ജില്ലയിലെ പല ഭാഗത്തും കവര്‍ച്ചകള്‍ അരങ്ങേറുന്നു. കാഞ്ഞങ്ങാട്ടെ കല്ല്യാണ വീട്ടില്‍ നിന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലിസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ മാതാവിനോടും അപമര്യാദയായാണ് പോലിസ് പെരുമാറിയത്. ജില്ലയുടെ വികസനങ്ങള്‍ മുരടിച്ചുകൊണ്ടിരിക്കുകയാണ്. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് അധികൃതര്‍ തടസ്സം നില്‍ക്കുകയാണ്. റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് മന്ത്രിയുടെ നാട്ടില്‍ തന്നെ മരവിപ്പിച്ചിരിക്കുകയാണ്. കെല്‍-ഭെല്‍ പ്രശ്‌നം പരിഹരിക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ധാരണയുണ്ടാക്കിയതായി അറിയില്ല. ഇത് സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ക്ലാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്്മാന്‍, ടി എ ശാഫി, വിനോദ് പായം സംബന്ധിച്ചു.

RELATED STORIES

Share it
Top