ജില്ലയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

മലപ്പുറം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച റെഡ് അലര്‍ട്ടുമാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തമഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അതേസമയം, പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കലക്ടറേറ്റില്‍ ജില്ലാതല അദാലത്ത് നടത്തി. 305 അപേക്ഷകളാണ് ലഭിച്ചത്. ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഐടി മിഷനും ചേര്‍ന്നാണ് അദാലത്ത് നടത്തിയത്.
ജില്ലാ കലക്ടര്‍ അമിത് മീണ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആധാര്‍ കാര്‍ഡിനാണ് ഏറ്റവും അധികം അപേക്ഷകള്‍. 126 അപേക്ഷകളാണ് ആധാര്‍ കാര്‍ഡിന് ലഭിച്ചത്. ഡ്രൈവിങ്് ലൈസന്‍സ്- 42, ആര്‍സി ബുക്ക്- 13, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്- 24, വോട്ടര്‍ ഐഡി കാര്‍ഡ്- 28, ആധാരം- 27, ജനന സര്‍ട്ടിഫിക്കറ്റ്- 12, മരണ സര്‍ട്ടിഫിക്കറ്റ്- 3, പാസ്പോര്‍ട്ട്- 7, പട്ടയം- 5, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്- 2 എന്നിങ്ങനെയാണ് മറ്റു രേഖകള്‍ക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം.
ചിയാക്, റേഷന്‍കാര്‍ഡ്, മാര്യേജ് സര്‍ട്ടിഫിക്കറ്റ്, ബിടെക്, ബിഎഡ്, പ്രീ ഡിഗ്രി, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓരോ അപേക്ഷ വീതവും ലഭിച്ചു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഒരു രേഖയും ഇല്ലെങ്കിലും പേര് മാത്രം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഐടി മിഷന്‍ ഒരുക്കിയിരുന്നു.
ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാനും സൗകര്യമൊരുക്കി. ആധാര്‍, വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് തല്‍സമയം നല്‍കി.
ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫിസുകളില്‍നിന്ന് നേരിട്ടോ അല്ലെങ്കില്‍ തപാല്‍ വഴിയോ എത്തിക്കും.

RELATED STORIES

Share it
Top