ജില്ലയില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

മലപ്പുറം: അറബിക്കടലിന്റെ തെക്കുകിഴക്ക് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സഹചര്യത്തില്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്. അനാവശ്യമായി ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മാത്രമാണ് ആവശ്യമെന്നും കലക്ടര്‍ അറിയിച്ചു. കുത്തനെയുള്ള ചരിവുകളിലും ജലാശയങ്ങള്‍ക്ക് സമീപവും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ ആളുകളും ജാഗ്രത പാലിക്കണം. മാറിത്താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അമാന്തം കാണിക്കരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപുകളിലേക്ക് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കാനുള്ള സജീകരണങ്ങള്‍ നടത്തണം. ആദിവാസി കോളനികളടക്കമുള്ള മലയോര മേഖലയിലേക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ യോഗം വിലയിരുത്തി.
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനൗണ്‍സ്‌മെന്റ് നടത്തണം. ആദിവാസി മേഖലകളില്‍ മുന്നറിയിപ്പ് നല്‍കാന്‍ പ്രമോട്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മലമ്പുഴ ഡാം തുറക്കുമ്പോള്‍ മലപ്പുറം ജില്ലാ കലക്ടറെ അറിയിക്കാന്‍ ആവശ്യപ്പെടും.
ഓഫിസ് 24 മണിക്കൂറും
പ്രവര്‍ത്തിക്കും
എല്ലാ പ്രധാന സര്‍ക്കാര്‍ വകുപ്പുകളും അവധി ദിവസങ്ങളിലടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ൈലന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രത്യേക ടീം രൂപീകരിക്കും. അവധിയിലും പരിശീലനത്തിലുമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ പരിധിയില്‍ തന്നെ ഉണ്ടായിരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തുവയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ പിഎച്ച്‌സികളിലും സിഎച്ച്‌സികളിലും 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ സജ്ജരാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ബുള്‍ഡോസര്‍, എക്‌സ്‌കവേറ്റര്‍, മറ്റു മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയവയുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ തയ്യാറാക്കി അടിയന്തരമായി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി. തൃശൂരില്‍ നിന്നെത്തിയ സംഘം നിലമ്പൂരിലാണ് ക്യാംപ് ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പോലിസ്, ഫയര്‍ഫോഴ്‌സ് സംഘം തയ്യാറായിട്ടുണ്ട്. ആവശ്യമെങ്കില്‍ അയല്‍ജില്ലകളില്‍ നിന്നുള്ള സംഘവും ജില്ലയിലെത്തും.
മല്‍സ്യത്തൊഴിലാളികള്‍
കടലില്‍ പോവരുത്
ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലപ്പെട്ടി മുതല്‍ വള്ളിക്കുന്നു വരെയുള്ള തീരദേശമേഖലയില്‍ ഇതു സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാന്‍ തീരദേശ പോലിസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് ഇന്നു മുതല്‍ പട്രോളിങ് നടത്തും.
മലയോര യാത്ര
ഒഴിവാക്കണം
മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം.
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ അടച്ചിടും
ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചിടും. മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനവുംവരെ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു.

RELATED STORIES

Share it
Top