ജില്ലയില്‍ മുദ്രപത്രം കിട്ടാനില്ല; ജനം നെട്ടോട്ടത്തില്‍

കട്ടപ്പന: നാളുകളായി തുടരുന്ന മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാതെ വന്നതോടെ ജനങ്ങള്‍ നെട്ടോട്ടമാണ്. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങള്‍ കിട്ടാനേയില്ല എന്നതാണു സ്ഥിതി. ഭൂരിഭാഗം ആവശ്യങ്ങള്‍ക്കും 50, 100 രൂപകളുടെ മുദ്രപ്പത്രങ്ങളാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാംപ് ഡിപ്പോയില്‍നിന്ന് നെടുങ്കണ്ടത്തെ ജില്ലാ സ്റ്റാംപ് ഡിപ്പോയില്‍ എത്തിക്കുന്ന മുദ്രപ്പത്രങ്ങള്‍ ട്രഷറികള്‍ വഴി വെണ്ടര്‍മാര്‍ക്ക് വിതരണം ചെയ്താണ് ഇടപാടുകാരുടെ കൈവശമെത്തിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ആവശ്യത്തിന് മുദ്രപ്പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ജില്ലയിലേക്കുള്ള വിതരണം കാര്യക്ഷമമല്ല. അതിനാല്‍ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളുടെ സ്‌റ്റോക്ക് തിരികെയെടുത്ത് ജില്ലാ സ്റ്റാംപ് ഡിപ്പോ ഓഫിസറുടെ സീലും ഒപ്പും വച്ച് 50, 100 രൂപകളുടെ മൂല്യമുള്ള മുദ്രപ്പത്രങ്ങളാക്കി വിതരണം നടത്തുകയാണ് നിലവില്‍ ചെയ്യുന്നത്.
ഒന്ന്, രണ്ട്, അഞ്ച്, ഏഴ് രൂപയുടെ മുദ്രപ്പത്രങ്ങളാണ് ഒപ്പിട്ട് 50 രൂപയുടെ പത്രങ്ങളാക്കി ട്രഷറി മുഖേന വെണ്ടര്‍മാര്‍ക്ക് എത്തിക്കുന്നത്. 10 രൂപയുടെ മുദ്രപ്പത്രമാണ് 100 രൂപയുടെ പത്രമാക്കി മാറ്റുന്നത്. എന്നാല്‍ ജില്ലയിലെ 10 സബ് ട്രഷറികളിലേക്ക് ആവശ്യത്തിനുള്ള മുദ്രപ്പത്രങ്ങള്‍ എത്തിക്കാന്‍ ഈ നടപടിയിലൂടെയും കഴിഞ്ഞിട്ടില്ല. ഒരുദിവസം പരമാവധി 1500 മുദ്രപ്പത്രങ്ങള്‍ വരെയാണ് ഇത്തരത്തില്‍ ഒപ്പിട്ട് വിതരണം ചെയ്യാനാവുന്നത്.
എല്ലാ ട്രഷറികളിലേക്കും ആവശ്യത്തിന് പത്രങ്ങള്‍ എത്തിക്കാന്‍ ഇതിനാല്‍ കഴിയുന്നുമില്ല. കട്ടപ്പനയിലെ സബ് ട്രഷറിയിലേക്ക് ഒരാഴ്ച 1500 മുദ്രപ്പത്രം ലഭിക്കുന്നുണ്ടെങ്കിലും രണ്ടുദിവസം കൊണ്ട് തീരുകയാണ്. മറ്റിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല. എറണാകുളം ജില്ലയില്‍ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്തക്ഷാമം നേരിടുന്നതിനാല്‍ അവിടെനിന്നുള്ളവര്‍ തൊടുപുഴ, അടിമാലി മേഖലകളില്‍ എത്തി കൂടുതല്‍ പത്രങ്ങള്‍ വാങ്ങിക്കൊണ്ടുപ്പോകുന്ന സ്ഥിതിയുമുണ്ട്.
ഈ മേഖലകളിലെ മുദ്രപത്ര ക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ ഇതു കാരണമാകുന്നു. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളില്‍ ഒപ്പുവച്ച് 50, 100 രൂപയുടെ മൂല്യമുള്ളതാക്കി മാറ്റാന്‍ ജില്ലാ അസി. ട്രഷറി ഓഫിസറെയും നിയോഗിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിട്ടുണ്ട്. അസി. ട്രഷറി ഓഫിസര്‍ കൂടി മുദ്രപ്പത്രങ്ങളില്‍ ഒപ്പിട്ടു നല്‍കാന്‍ നടപടി തുടങ്ങിയാല്‍ രൂക്ഷമായ പ്രതിസന്ധിക്ക് നേരിയ പരിഹാരമാവും. അതേസമയം, മാസങ്ങളായി തുടരുന്ന മുദ്രപ്പത്രക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍  നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

RELATED STORIES

Share it
Top