ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 1301 പേര്‍ക്കെതിരേ കേസെടുത്തു

പത്തനംതിട്ട: കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 1301 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ പോലിസ്. ഈക്കാലയളവില്‍ പൊതുസ്ഥലത്് മദ്യപിച്ചതിന് 262 പേര്‍ക്കെതിരെയും കേസ്സെടുത്തു.
വിദ്യാലയങ്ങളുടെ പരിസരത്തുള്ള പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നും ഇതു തടയാന്‍ ശക്തമായ പരിശോധന വേണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മിഠായിയുടെ രൂപത്തിലും കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. പലയിടത്തും ബാറുകള്‍ സമയക്രമം പാലിക്കുന്നില്ല, കള്ളുഷാപ്പുകളില്‍ രാസപദാര്‍ഥം ചേര്‍ന്ന കള്ള് വില്‍ക്കുന്നു തുടങ്ങിയ പരാതികളും യോഗത്തില്‍ ഉയര്‍ന്നു.
കഴിഞ്ഞ ഒരു മാസക്കാലയളവില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡുകളില്‍ 114 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 567 കേസുകള്‍ കോട്പ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും 1.13 ലക്ഷം രൂപ പിഴയീടാക്കി.
757 റെയ്ഡുകള്‍ നടത്തുകയും 105 അബ്കാരി കേസുകള്‍ എടുക്കുകയും ചെയ്തു. 107 പ്രതികളെ അറസ്റ്റു ചെയ്തു. 1.88 കിലോ ഗഞ്ചാവ്, 72 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 4.4 ലിറ്റര്‍ ബീയര്‍, 460 ലിറ്റര്‍ കോട, 80.4 ലിറ്റര്‍ അരിഷ്ടം, 14 ലിറ്റര്‍ ചാരായം കണ്ടെടുത്തു. യോഗത്തില്‍ എഡിഎം കെ ദിവാകരന്‍നായര്‍ അധ്യക്ഷത വഹിച്ചു.
എക്‌സൈസ് ഡെപ്യൂട്ടി ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ മുഹമ്മദ് റഷീദ്,  കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, മല്ലപ്പള്ളി എക്‌സൈസ് സിഐ എന്‍ രാജശേഖരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഗോപി സംബന്ധിച്ചു.

RELATED STORIES

Share it
Top