ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു ; ആശങ്കയ്ക്കിടയാക്കി എച്ച്1 എന്‍1 രോഗബാധമാനന്തവാടി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ മഞ്ഞപ്പിത്തം, എച്ച്1 എന്‍1 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ അഞ്ചുപേര്‍ മരിച്ചത്. 2015ല്‍ 333 പേര്‍ മഞ്ഞപ്പിത്ത ബാധയെന്നു സംശയിച്ച് ചികില്‍സതേടി. ഇതില്‍ 108 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2016ല്‍ 208 പേര്‍ ചികില്‍സ തേടുകയും 24 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ 2017 ജനുവരി മുതല്‍ ഇതുവരെ 269 പേര്‍ക്ക് രോഗബാധ സംശയിക്കപ്പെടുകയും 24 പേര്‍ക്ക് സ്ഥിരീകരിക്കുകയുമുണ്ടായി. എന്നാല്‍, ഈ കാലയളവിനുള്ളില്‍ തന്നെ അഞ്ചുപേര്‍ മഞ്ഞപ്പിത്തം മൂലം ജില്ലയില്‍ മരണപ്പെട്ടതാണ് രോഗം പിടിമുറുക്കിയെന്നതിന്റെ വ്യക്തമായ തെളിവ്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ മൂന്നുപേരും വെള്ളമുണ്ടയില്‍ രണ്ടുപേരുമാണ് മരിച്ചത്. സംസ്ഥാനത്തു തന്നെ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 423 പേര്‍ ഡെങ്കിപ്പനി ബാധിതരെന്നു സംശയിക്കപ്പെടുകയും 157 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ 2016ല്‍ ഇത് യഥാക്രമം 233, 217 എന്ന തോതിലാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 39 പേര്‍ ചികില്‍സ തേടിയതില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വായുജന്യ രോഗമായ എച്ച്1 എന്‍1 ബാധിച്ചവരുടെ കണക്കുകളാണ് ജില്ലയിലെ ആരോഗ്യരംഗത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. 2017ല്‍ ഇതുവരെ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. 2015ലാണ് മുമ്പ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്. 95 പേര്‍ക്ക് രോഗം കണ്ടെത്തുകയും 88 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തു. 2016ല്‍ കാര്യമായ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല.ഈ വര്‍ഷം ചുരുങ്ങിയ കാലയളവില്‍ തന്നെ കുടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ചെറിയ പനി പിടിപെട്ടാല്‍ പോലും സ്വയം ചികില്‍സിക്കാതെ ആശുപത്രികളിലെത്തി ചികില്‍സ തേടണമെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. വി ജിതേഷ് പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവുമെല്ലാം വര്‍ധിച്ച സാഹചര്യത്തിലും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പ് മന്ത്രിയുള്‍പ്പെടെ അഞ്ചു മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് കലക്ടറേറ്റില്‍ നടത്തി. ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തലവന്‍മാര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top