ജില്ലയില്‍ ബാലഭിക്ഷാടനം വീണ്ടും സജീവമായി

നീലേശ്വരം: മഴക്കാലമായതോടെ ജില്ലയില്‍ ബാലഭിക്ഷാടനം വീണ്ടും സജീവമായി. നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ നഗരങ്ങളിലാണ് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം നിര്‍ബാധം നടക്കുന്നത്്. നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ തൃക്കരിപ്പൂരില്‍ തമ്പടിച്ചിട്ടുള്ള കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്് കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തുന്നത്.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് ഒരു യുവതി കുട്ടിയേയും കൊണ്ട് ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വ്യാപാരികളില്‍ ചിലര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെ അറിയിക്കുകയും വിശദവിവരങ്ങള്‍ ആരായുന്നതിനിടെ യുവതി കുട്ടിയേയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പുകയില നീരോ മറ്റ് മയക്കു മരുന്നുകളോ നേര്‍ത്ത അളവില്‍ കൊടുത്ത് പകല്‍ സമയങ്ങളില്‍ മയക്കി കിടത്തുകയാണ് പതിവ്. സംസ്ഥാനത്ത് ശക്തമായ ബാലാവകാശ നിയമങ്ങളുണ്ടെങ്കിലും ഭിക്ഷാടന മാഫിയ ഇപ്പോഴും സജീവമാണ്.
ബാലഭിക്ഷാടനം നിയന്ത്രിക്കാന്‍ ചൈല്‍ഡ് ലൈന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാവുന്നില്ലെന്നാണ് ആക്ഷേപം. മലയാളിയുടെ ദാനശീലം ഭിക്ഷാടന മാഫിയകള്‍ക്ക് കേരളത്തില്‍ നിന്ന് വന്‍ വരുമാനമാണ് ഉണ്ടാക്കി കൊടുക്കുന്നത്.
നീലേശ്വരം, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് നഗരങ്ങളില്‍ ബാലഭിക്ഷാടനത്തിനെതിരെ പോലിസ് നടപടി സ്വീകരിക്കാറുണ്ടെങ്കിലും മഴക്കാലമായതോടെ വീണ്ടും സജീവമാണ്.
കഷ്ടപ്പാടുകള്‍ മലയാളത്തില്‍ അച്ചടിച്ച കാര്‍ഡുമായാണ് നീലേശ്വരത്ത് യുവതി അഞ്ചു വയസുപോലും തികയാത്ത പെണ്‍കുട്ടിയുമായി ഭിക്ഷാടനം നടത്തുന്നത്. കാഞ്ഞങ്ങാട് ബലൂണ്‍ വില്‍ക്കാനെന്ന വ്യാജേന ബംഗാള്‍, അസം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചാണ് ഭിക്ഷാടനം നടത്തുന്നത്.
നീലേശ്വരം ചോയ്യങ്കോട്ടെ ദുരിതാശ്വാസ കേന്ദ്രത്തില്‍ താമസിച്ച് വര്‍ഷങ്ങളായി ഭിക്ഷാടനം നടത്തുന്ന സംഘം ഇപ്പോഴും സജീവമാണ്. സംഘമായി ഉല്‍സവകാലങ്ങളില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനെത്തുന്ന ഇവര്‍ സീസണ്‍ കഴിഞ്ഞാല്‍ കുട്ടികളെ ഭിക്ഷാടനത്തിന് വിടുകയാണ് പതിവ്. പോലിസ് പരിശോധന കര്‍ക്കശമാക്കുമ്പോള്‍ ഭിക്ഷാടനം കുറയാറുണ്ടെങ്കിലും വീണ്ടും ഇവര്‍ ദിവസങ്ങള്‍ക്കകം രംഗത്തെത്തുന്നത് പതിവാണ്.
പിഞ്ചു കുട്ടികളേയുമെടുത്ത് 15ഉം 16 ഉം വയസുള്ള പെണ്‍കുട്ടികള്‍ ഭിക്ഷാടനം നടത്തുന്നത് ഇവിടെത്തെ പതിവുകാഴ്ചയാണ്. ഏഴ് മുതല്‍ പത്ത് വയസ് വരെയുള്ള കുട്ടികള്‍ കാഞ്ഞങ്ങാട്, നീലേശ്വരം റെയില്‍വേ സ്റ്റേഷനുകളില്‍ ഭിക്ഷാടനം നടത്തുന്നുണ്ട്. റമദാന്‍ മാസത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷാടനം തേടിയെത്തിയ മാഫിയകളാണ് ഇപ്പോള്‍ കുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തിക്കുന്നത്.

RELATED STORIES

Share it
Top