ജില്ലയില്‍ പ്രത്യേക പോക്‌സോ കോടതി വേണം: ജില്ലാ വികസനസമിതി

മലപ്പുറം: ജില്ലയിലെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം പ്രത്യേക   പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരെയുള്ള കേസുകള്‍ പോക്‌സോ കോടതിയില്ലാത്തത് മൂലം കെട്ടിക്കിടക്കുന്നുണ്ട്.   പി അബ്ദുല്‍ഹമീദ് എംഎല്‍എ അവതരിപ്പിച്ച പ്രമേയം പി വി അബ്ദുല്‍ വഹാബ് എംപി യുടെ പ്രതിനിധി അഡ്വ. പി അബൂ സിദ്ദീഖ് പിന്താങ്ങി.  ജില്ലക്കനുവദിച്ച പബ്ലിക്ക് ഹെല്‍ത്ത് ലാബ് ഒരു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്നും  ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു.
പകര്‍ച്ച വ്യാധികള്‍ പകരുന്ന സാഹചര്യത്തില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ലാബ് പ്രവര്‍ത്തനം തുടങ്ങാതിരിക്കുന്നത് ശരിയല്ല. യോഗം അഭിപ്രായപ്പെട്ടു.  പൊതു റോഡുകളില്‍ അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ 15 ദിവസത്തിനകം മുറിച്ചു മാറ്റാന്‍ ദേശീയ പാത, പൊതുമരാമത്ത് അധികൃതരോട്്് നിര്‍ദ്ദേശിച്ചു. റോഡുകളിലെ കുഴിയടക്കാന്‍ ഓരോ മണ്ഡലത്തിനും മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപണികള്‍ നടന്നു വരികയാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. നാടുകാണി- പരപ്പനങ്ങാടി പാത വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും ട്രാന്‍സ്‌ഫോമറുകളും റോഡരികില്‍ നിന്നു മാറ്റി സ്ഥാപിക്കുന്നത് വേഗത്തിലാക്കാനും യോഗത്തില്‍ നിര്‍ദേശം വന്നു.  ക്ലാസുകള്‍ ആരംഭിച്ചു.
ഒരു മാസം പിന്നീട്ട സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്, സ്‌പോട്ട് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍  യോഗം നിര്‍ദ്ദേശിച്ചു. കെഎസ്ഇബി കുറ്റിപ്പുറം ഡിവിഷന്‍ ഓഫീസ് പൊന്നാനിയിലേക്ക് മാറ്റുന്നതുമായ ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനായി ജനപ്രതിനിധികളുടെ യോഗം ചേരും. പുതിയ പോലിസ് സബ്ഡിവിഷനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അതിര്‍ത്തി പുനക്രമീകരണ ശുപാര്‍ശ യോഗം അംഗീകരിച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു കൃഷി നാശം സംഭവിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സ് ഇല്ലെന്ന കാരണത്താല്‍ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്നും  വികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മെയ് 29 മുതല്‍ ഇതുവരെയായി 32 വീടുകള്‍ പൂര്‍ണ്ണമായും  570 വീടുകള്‍ ഭാഗികമായും നാശനഷ്ടം സംഭവിച്ചു.  45 ബോട്ടുകള്‍ക്കു കേടുപാടു സംഭവിച്ചതില്‍ 7.5 കോടിയുടെ നഷ്ടവും കണക്കാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ നടക്കുന്ന ലോക മുലയൂട്ടല്‍ വാരാചരണം വിജയിപ്പിക്കാന്‍ വികസന സമിതി ആഹ്വാനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലും എല്ലാ ജില്ലാ ഓഫിസുകളിലും മുലയൂട്ടല്‍ റൂം സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ  കെ കെ ആബിദ്ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, പി വി അന്‍വര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എഡിഎം വി രാമചന്ദ്രന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top