ജില്ലയില്‍ പരീക്ഷയെഴുതിയത് 8640 വിദ്യാര്‍ഥികള്‍; ഒരു വിദ്യാര്‍ഥിനിയെ മടക്കി അയച്ചു

തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ് എഴുതാനായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ജില്ലയിലെത്തി. ജില്ലയിലെ 20 സ്‌കൂളുകളിലായി നടന്ന നീറ്റ് പരീക്ഷ എഴുതാനായി 8640 കുട്ടികളാണ് ജില്ലയിലെത്തിയത്.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പരീക്ഷ. കര്‍ശനമായ ഡ്രസ് കോഡടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ ഒരുക്കിയത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി രാവിലെ ഏഴു മുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ പരീക്ഷയ്‌ക്കെത്തിയവരുടെ യാത്ര സുഗമമാക്കാന്‍ റൂറല്‍ പോലീസ് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സ്വകാര്യ ബസുകള്‍ നിര്‍ത്താനും പരീക്ഷ കേന്ദ്രങ്ങള്‍ക്ക് സമീപം ഗതാഗത കുരുക്ക് ഒഴിവാക്കാനും പൊതുജനം സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അഭ്യര്‍ത്ഥിച്ചിരുന്നു. ഹൈവേ പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷയും വനിതാ പോലീസിന്റെ സേവനവും പോലീസ് സജ്ജമാക്കി.
രാവിലെ മുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് തൃശൂരടക്കം പത്ത് കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്.
അതേസമയം, ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ മടക്കി അയച്ചു. ചാലക്കുടി ലിറ്റില്‍ ഫഌവര്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ കൊടുങ്ങല്ലൂര്‍ പനങ്ങാട് സ്വദേശി കൊമ്പനേഴത്ത് വീട്ടില്‍ സലാമിന്റെ മകള്‍ ഹസ്‌ന ജഹാനെയാണ് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞത്.
രാവിലെ 7.25ന് ഹസ്‌നയും രക്ഷകര്‍ത്താവും സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ഹസ്‌നയെ ഗെയിറ്റിന് മുന്നില്‍ തടഞ്ഞു. ശിരോവസ്ത്രം അഴിച്ചു നല്‍കിയാല്‍ മാത്രമെ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ ശഠിക്കുകയായിരുന്നു. വിദ്യാര്‍ഥി ഇതിന് തയാറായില്ല. ഏറെ നേരം ഗേറ്റിന് മുന്നില്‍ കാത്ത നിന്നെങ്കിലും വിദ്യാര്‍ഥിയെ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് പരീക്ഷ തുടങ്ങിയതോടെ വിദ്യാര്‍ഥിനി മടങ്ങിപ്പോരുകയായിരുന്നു.

RELATED STORIES

Share it
Top