ജില്ലയില്‍ പനി പിടിമുറുക്കുന്നു

കൊച്ചി: പ്രളയത്തിനു പിന്നാലെ എറണാകുളം ജില്ലയില്‍ എലപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി സൂചന. ജില്ലയുടെ വിവിധ ഭാഗങ്ങളോില്‍ ഇന്നലെ 12 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികില്‍ തേടി. എലിപ്പനി ബാധിച്ച് ഒരു മധ്യവയസ്തയും പനിബാധിച്ച് തമിഴ്‌നാട് സ്വദേശിയും മരിച്ചു. അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51)ആണ് എലിപ്പിനി ബാധിച്ച് മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി മേഖലയിലും സ്വന്തം നാടായ നെടുമ്പാശേരിയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പങ്കെടുത്തിരുന്നു കുമാരി. ഇതിനിടെ പനി ബാധിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി രാജ(48)ആണ് പനി ബാധിച്ച് മരിച്ചത്. മുളവുകാട്, മട്ടാഞ്ചേരി, പള്ളുരുത്തി, പറവൂര്‍, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, കാക്കനാട്, കളമശ്ശേരി, മഴുവന്നൂര്‍, ഇടപ്പള്ളി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളില്‍ നിന്നുമാണ് എലിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരിക്കുന്നത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി രണ്ടുപേരും ചികില്‍സ തേടി. മഴുവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡങ്കിപ്പനി ലക്ഷണങ്ങളുമായെത്തിയത്. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ പി വിഭാഗങ്ങളില്‍ പനി ബാധിച്ച് 266പേര്‍ ചികില്‍സ തേടിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ ഏഴുപേരെ അഡ്മിറ്റ് ചെയ്തു. വയറിളക്കരോഗങ്ങള്‍ ബാധിച്ച് 64 പേരും ചിക്കന്‍പോക്‌സ് ബാധിച്ച് രണ്ടുപേരും ചികില്‍സ തേടിയിട്ടുണ്ട് ഇതില്‍ രണ്ടുപേരെ അഡ്മിറ്റു ചെയ്തു. ജില്ലയില്‍ കുടുതല്‍പേര്‍ എലിപ്പനി അടക്കമുള്ള രോഗലക്ഷങ്ങളുമായി ചികില്‍സ തേടാന്‍ തുടങ്ങിയതോടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.പ്രളയബാധിത മേഖലയല്ലെങ്കിലും ശരിയായ രീതിയില്‍ മാലിന്യ നീക്കം നടത്താത്തതാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കാരണമായതെന്നാണ് സൂചന. പലയിടങ്ങളിലും മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുന്ന അവസ്ഥയാണ്. മാത്രമല്ല പ്രളയ ജലം പടിഞ്ഞാറന്‍ മേഖലയിലും എത്തിയിരുന്നു. ഇതോടൊപ്പം മാലിന്യ നീക്കം കാര്യക്ഷമമാവാത്തതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കും.മാലിന്യം നീക്കം ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധിയും ഹെല്‍ത്ത് ഓഫിസറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ സര്‍ക്കിളില്‍ ഇപ്പോഴും വഴിയരികില്‍ മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും കാര്യക്ഷമമല്ലന്ന് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top