ജില്ലയില്‍ പനി പടരുന്നു; മലയോരത്ത് ഡെങ്കി

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനി പടരുന്നു. പനി ബാധിച്ച് ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗത്തിന് ശമനമില്ല.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രികളിലും, തലശ്ശേരി ജനറല്‍ ആശുപത്രിയിലും പനി ബാധിതരുടെ തിരക്കാണ്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്കുകള്‍ കൂടിയാവുമ്പോള്‍ പനി ബാധിച്ചവരുടെ എണ്ണം കൂടും. വിവിധ സക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ ഇക്കഴിഞ്ഞ 14ന് മാത്രം 729 പേര്‍ ചികില്‍സ തേടി. ഇതില്‍ 17 പേരെ അഡ്മിറ്റ് ചെയ്തു.
മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആറുപേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സയിലാണ്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വര്‍ധനയുണ്ടായി. ജില്ലയില്‍ ഇതിനകം 130ഓളം പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. മലയോരത്താണ് ഡെങ്കിപ്പനി കൂടുതലും. ഇവിടങ്ങളില്‍ ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും പരിശോധനയും ബോധവല്‍ക്കരണവും തുടരുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികില്‍സ തേടണമെന്നും കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top