ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

കൊച്ചി: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഒഴിവാക്കി നിശ്ചിത കാല തൊഴില്‍ രീതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ  വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
മോട്ടോര്‍ വാഹന തൊഴിലാളികളും, ബാങ്ക്  ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരും പണിമുടക്കില്‍ പങ്കെടുത്തതോടെ ജനജീവിതം നിശ്ചലമായി. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകളൊന്നും തന്നെ  നിരത്തിലിറങ്ങിയില്ല. റെയില്‍വെ സ്‌റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കായി പോലിസിന്റെ രണ്ടു ബസുകള്‍ സൗത്ത് , നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകള്‍ കേന്ദ്രികരിച്ചു സര്‍വീസ് നടത്തിയിരുന്നു.
കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ (സെസ്) ജോലിക്കെത്തിയ ജീവനക്കാരെ സെസിന്റെ കവാടത്തില്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പോലിസ് ഇടപെട്ടാണ് ഇവരെ അകത്തു പ്രവേശിപ്പിച്ചത്. മറ്റു അനിഷ്ട സംഭവങ്ങളൊന്നും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഹാജര്‍ നില തീരെ കുറവായിരുന്നു. ജില്ലയിലെ ഐടി മേഖലയേയും പണിമുടക്കു ബാധിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഹാജര്‍നില 60 ശതമാനം മാത്രമായി.  സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
ജില്ലയിലെ 32 ഓളം കേന്ദ്രങ്ങളില്‍ രാവിലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്കിനെത്തുടര്‍ന്നു  കെഎസ്ആര്‍ടിസി ബസുകളും നിരത്തില്‍ നിന്ന് വിട്ടുനിന്നതോടെ ജനജീവിതം കൂടുതല്‍ ദുസഹമായി. ഇന്നലെ ജില്ലയില്‍ ഒരു ഡിപ്പോയില്‍ നിന്ന് പോലും കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് നടത്തിയില്ല. എറണാകുളം ഡിപ്പോയില്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.
ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ നൂറിലധികം സര്‍വീസുകളാണ് ഇവിടെ നിന്നു ദിനംപ്രതി പുറപ്പെടുന്നത്. പെരുമ്പാവൂര്‍ ഡിപ്പോയില്‍ ജീവനക്കാരാരും ജോലിക്കെത്തിയില്ല. കണ്ടക്ടര്‍മാരും െ്രെഡവര്‍മാരുമായി 272 ജീവനക്കാരുണ്ടിവിടെ. ആകെ 49 സര്‍വീസുകളാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നുള്ളത്. ആലുവ ഡിപ്പോയില്‍ ഏഴു കണ്ടക്ടര്‍മാരും 28 െ്രെഡവര്‍മാരും ജോലിക്കെത്തിയെങ്കിലും ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. മൂവാറ്റുപുഴ ഡിപ്പോയില്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. പണിമുടക്കു ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഭൂരിഭാഗം ഓഫീസുകളിലും ഹാജര്‍ നില തീരെ കുറവായിരുന്നു.
ജീവനക്കാരില്ലാത്തതിനാല്‍ പല ഓഫിസുകളും തുറന്നില്ല. ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്‌റ്റേഷനിലെ 83 ഓഫിസുകളില്‍ 20 ഓഫിസുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇവിടെ പത്തു ശതമാനത്തില്‍ താഴെയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെട പണിമുടക്കിന്റെ ഭാഗമായപ്പോള്‍ സ്വന്തം വാഹനമുള്ളവര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഇതില്‍ പകുതിയും  ഉച്ചയോടെ തന്നെ  ഓഫിസ് വിട്ടു.
വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങളും ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നില്ല. മെട്രോയെ പണിമുടക്കു ബാധിച്ചില്ല. സാധാരണ ദിവസങ്ങളിലെ ഷെഡ്യൂള്‍ അനുസരിച്ചുള്ള മുഴുവന്‍ സര്‍വീസുകളും ഇന്നലെയും നടത്തി. മെട്രോ ജീവനക്കാരുടെ ഹാജര്‍ നിലയിലും കുറവുണ്ടായില്ലെന്ന് കെഎംആര്‍എല്‍ അറിയിച്ചു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും അടഞ്ഞ് കിടന്നതിനാല്‍ യാത്രക്കാരുടെ എണ്ണം സാധാരണയിലും കുറവായിരുന്നു. സ്വകാര്യ മേഖലയിലെയും ചുരുക്കും സര്‍ക്കാര്‍ ഓഫിസുകളിലെയും ജീവനക്കാര്‍ മാത്രമാണ് ഓഫിസിലെത്താന്‍ മെട്രോയെ ആശ്രയിച്ചത്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നതിനു തടസമില്ലായിരുന്നതിനാല്‍ ആളുകള്‍ക്കു മെട്രോ സ്‌റ്റേഷനില്‍ എത്തുന്നതിനു ബുദ്ധിമുട്ടുണ്ടായില്ല. അതേ സമയം മെട്രോ ഫീഡറായി ആരംഭിച്ച ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയില്ല.
മൂവാറ്റുപുഴ: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മൂവാറ്റുപുഴ വേഖലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങളൊഴിച്ച് മറ്റൊന്നും നിരത്തിലിറങ്ങിയില്ല.
ചില ബാങ്കുകളും ഓഫിസുകളും തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ നില നന്നേ കുറവായിരുന്നു. കെഎസ്ആര്‍ടിസിയും സര്‍വീസ് പൂര്‍മണമായി നിര്‍ത്തി വച്ചു. പണിമുടക്കു നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ യാത്രക്കാരും വളരെ കുറവായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ എം ജെ ഷാജി  ഓട്ടോ റിക്ഷയില്‍ ഇക്കുറിയും സൗജന്യ യാത്രയൊരുക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുമുള്ള രോഗികളുള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് ഷാജിയുടെ ഓട്ടോ സര്‍വീസ് തുണയായി.
പറവൂര്‍: പൊതുപണിമുടക്ക് പറവൂരില്‍ പൂര്‍ണമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ് ശര്‍മ്മ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് വി സി പത്രോസ് അധ്യക്ഷത വഹിച്ചു.
സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം കമല സദാനന്ദന്‍, ടി ആര്‍ ബോസ്, കെ സി രാജീവ്, വി എം ഫൈസല്‍, പി ബി ഷംജാദ്, പി എന്‍ സന്തോഷ്, കെഎം പി വിശ്വനാഥന്‍, കെ ബി അറുമുഖന്‍, സോമന്‍ മാധവന്‍, എം കെ ബാനര്‍ജി, എം എന്‍ ശിവദാസന്‍ പങ്കെടുത്തു.
കാലടി: ഇന്നലെ നടന്ന പണിമുടക്ക് കാലടി മേഖലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
പണിമുടക്കിന്റെ ഭാഗമായി തൊഴിലാളി സംഘടന നേതാക്കളും പ്രവര്‍ത്തകരും രാവിലെ കാലടി ടൗണിലും സമീപപ്രദേശങ്ങളിലും ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അടിയന്തര യാത്രകള്‍ക്ക് ആരും തടസ്സം നില്‍ക്കുകയും ചെയ്തില്ല. യാത്രകളെല്ലാം ഒഴിവാക്കി പൊതുജന സമൂഹം ഈ സമരത്തെ ഏറ്റെടുക്കുകയായിരുന്നു.
കാക്കനാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്   ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത ദേശീയ പണിമുടക്കില്‍  ഐ.ടി നഗരം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യവാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തുകളിലിറങ്ങിയില്ല. സിവില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള, ആര്‍ടിഓ  റജി വര്‍ഗ്ഗീസ് എന്നിവര്‍ രാവിലെ തന്നെ ഓഫിസില്‍ എത്തി. പണിമുടക്ക് ദിവസമായതിനാല്‍  ഇരുവരും ഓഫിസ് ഫയലുകള്‍ നോക്കിത്തീര്‍ക്കുന്ന തിരക്കിലായിരുന്നു. എഴുപത്തി നാല്  ഓഫിസുകളില്‍ ഭൂരിഭാഗവും തുറന്നുപ്രവര്‍ത്തിച്ചില്ല. വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലായി 30 പേരാണ് ആകെ എത്തിയത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് സെസ് എന്നിവിടങ്ങളില്‍ 10  ശതമാനത്തോളം ജീവനക്കാര്‍ ഹാജരായിരുന്നു. കാക്കനാട് വാഴക്കാല ചിറ്റെത്തുകര,എന്‍ജ.ഓ കോട്ടേഴ്‌സ്  തുടങ്ങിയ പ്രദേശങ്ങളിലെ കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.
കലക്ടറേറ്റിലും മറ്റ്‌സര്‍ക്കാര്‍ ഓഫിസുകളും  സ്വകാര്യ കമ്പനികളിലും മറ്റ് തൊഴിലിടങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു്.
വ്യവസായ മേഖലക്ക് സമീപം സമരാനുകൂലികള്‍ വാഹനം തടയാന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിന് വഴിവച്ചു. ഇന്‍ഫോപാര്‍ക്ക് പോലിസ് സ്ഥലത്തെത്തി സമരക്കാരെ അറസ്‌റ് ചെയ്തു നീക്കി. എന്‍ജിഓ ക്വാട്ടേഴ്‌സില്‍ രാവിലെ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സമരക്കാരും  പോലിസുമായി  വാക്കേറ്റമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. രാവിലെ 10ന് കാക്കനാട് എന്‍ജിഓ ക്വാര്‍ട്ടേഴ്‌സില്‍  നിന്നാരംഭിച്ച പ്രകടനം വാഴക്കാലയില്‍ സമാപിച്ചു.
നേതാക്കളായ സി കെ പരീദ്, അഡ്വ.കെ ആര്‍ ജയചന്ദ്രന്‍, എ പി ഷാജി, കെ സുരേന്ദ്രന്‍, അബ്ദുല്‍സലാം, സോമന്‍ സംസാരിച്ചു. കാക്കനാട് വ്യവസായ മേഖലക്ക് മുന്നില്‍ നടന്ന പ്രതിക്ഷേധ കൂട്ടായ്മ സിപിഎം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഉമ്മര്‍ സംസാരിച്ചു. ഇന്‍ഫോപാര്‍ക്കിന് മുന്നില്‍ നടന്ന പ്രതിക്ഷേധ കൂട്ടായ്മ  കെ ടി എല്‍ദോ, കെ ആര്‍ ബാബു, കെ മോഹനന്‍, എം ഓ വര്‍ഗ്ഗിസ്, സി സി വിജു, എം എ മോഹനന്‍, ഉണ്ണി കാക്കനാട്  സംസാരിച്ചു
മരട്: സ്ഥിരം തൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മരട് നഗരസഭ  കുമ്പളം പഞ്ചായത്ത് മേഖലകളില്‍ പൂണ്ണമായിരുന്നു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും, ബാങ്കുകളും, സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല.
കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും ടാക്‌സി കാറുകളും ഓടിയില്ല. സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റിലേക്ക് ചരക്കുമായി വാഹനങ്ങള്‍ ഒന്നും എത്തിയില്ല. കടകളും തുറന്ന് പ്രവര്‍ത്തിച്ചില്ല.

RELATED STORIES

Share it
Top