ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സമഗ്ര കര്‍മ പദ്ധതി

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ ജാഗ്രത-2018 എന്ന പേരില്‍ കര്‍മ പദ്ധതി നടപ്പിലാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉയര്‍ന്ന രോഗാവസ്ഥയും മരണങ്ങളും സംഭവിച്ചു വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. പ്രതിരോധ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി.2017 നവംബര്‍ വരെ ജില്ലയില്‍ 1333  സ്ഥിരീകരിച്ച ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 8832 സംശയാസ്പദമായ കേസുകളും റിപോര്‍ട്ട് ചെയ്തു. 2016 നവംബര്‍ വരെയുള്ള കാലയളവില്‍ ഇത് യഥാക്രമം 144 ഉം 740ഉം ആയിരുന്നു. 2017 നവംബര്‍ വരെ പകര്‍ച്ച പനി ബാധിച്ച് 3,11,042 പേര്‍ ചികില്‍സ തേടി. ഒരാള്‍ മരണപ്പെട്ടു. 2015ല്‍ 2,43,249 പേരും 2016ല്‍ 2,15,264 പേരുമാണ് പനി ബാധിച്ച് ചികില്‍സ തേടിയത്.ആരോഗ്യ ജാഗ്രത കര്‍മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് നേതൃത്വം നല്‍കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, പോലിസ്, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ പങ്കാളികളാവും. പൊതുജന പങ്കാളിത്തത്തോടെയുള്ള കൊതുക് നശീകരണം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകള്‍, സുരക്ഷിതമായ കുടിവെള്ള വിതരണം, വാര്‍ഡ്തല ആരോഗ്യസമിതികളുടെ ശക്തിപ്പെടുത്തലും ഇടപെടലുകളും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കും. തൊഴിലുറപ്പ്് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സുരക്ഷാ മാര്‍ഗങ്ങളും എലിപ്പനിക്കെതിരേ പ്രതിരോധ തന്ത്രങ്ങളും ഉറപ്പാക്കും. രോഗസാധ്യത ഏറിയ പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി സമയബന്ധിതമായി  ശുദ്ധജല വിതരണം ഉറപ്പാക്കാന്‍ ജലവിതരണ വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ  ജല വിതരണ പദ്ധതികളിലും ശുദ്ധീകരണവും ക്ലോറിനേഷനും  ഉറപ്പാക്കും.ജല വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി തീര്‍ക്കും. വാട്ടര്‍ അതോറിറ്റി ലാബുകളില്‍ കുടിവെള്ള ഗുണമേന്‍മ പരിശോധന സൗജന്യമായി നടത്തുന്നതിന് നടപടിയുണ്ടാകും. ചോര്‍ച്ചയുള്ള പൈപ്പുകള്‍ അടിയന്തരമായും പുതുക്കി സ്ഥാപിക്കും. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. മെഡിക്കല്‍  ക്യാംപുകളും സ്‌ക്രീനിങ് ക്യാംപുകളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് സമഗ്രമായ ശുചീകരണവും കൗതുക് കൂത്താടി നശീകരണവും നടപ്പാക്കും.ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളില്‍ അധ്യാപക-വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പാക്കും. മഴക്കാലത്ത് ഡ്രൈ- ഡേ ആചരണം ഫലപ്രദമായി സംഘടിപ്പിക്കും. കൃഷി സ്ഥലങ്ങളില്‍ കൊതുക് വര്‍ധനയ്ക്കുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് കൃഷി വകുപ്പ് മേല്‍നോട്ടം വഹിക്കും. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടപ്പാക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഓടകളുടെ അറ്റകുറ്റപ്പണി സമയസമയബന്ധിതമായി പൂര്‍ത്തീകരിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണപ്രവര്‍ത്തനങ്ങളും ഉറപ്പാക്കും. ഫിഷറീസ് ഹാര്‍ബറുകളിലും തീരപ്രദേശങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഫിഷറീസ് വകുപ്പ് നേതൃത്വം നല്‍കും. മല്‍സ്യ വിപണനത്തിന് ഉപയോഗിക്കുന്ന ഐസ് ഭക്ഷണ പാനീയങ്ങളില്‍ ഉപയോഗിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണവും നടത്തും.ജനുവരി ഒന്നിന് കലക്ടറേറ്റില്‍ നടക്കുന്ന ആരോഗ്യ ജാഗ്രത-2018 ജില്ലാതല ഉദ്ഘാന പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം ടി ജനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ  ഡോ. വി ജയശ്രീ. അഡീഷണല്‍  ഡിഎംഒ ഡോ. ആശാ ദേവി പങ്കെടുത്തു.

RELATED STORIES

Share it
Top