ജില്ലയില്‍ നാളെമുതല്‍ 118 ഫ്രീ വൈഫൈ കേന്ദ്രങ്ങള്‍

കോട്ടയം: എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാവുന്നു.  ജില്ലയിലെ 118 ഇടങ്ങള്‍ നാളെ  മുതല്‍ ഫ്രീ വൈഫൈ കേന്ദ്രങ്ങളാവും. താലൂക്ക് ഓഫിസുകള്‍, ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളിലാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കുക. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച്  നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശനവിപണനമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഡ്വ. കെ രാജു  ഈ സ്ഥലങ്ങളെ ഫ്രീ വൈഫൈ കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ജില്ലാ ഭരണകൂടമാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
ബിഎസ്എന്‍എല്ലും ഐടിമിഷനും ചേര്‍ന്നാണ്  വൈഫൈ സൗകര്യത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈഫൈ റൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങള്‍  ഐടി മിഷന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്‍ ആണ് സേവനദാദാവ്. സര്‍ക്കാര്‍ സൈറ്റുകള്‍ പരിധിയില്ലാതെയും സ്വകാര്യ സൈറ്റുകളില്‍ 300 മെഗാ ബൈറ്റു വരെയും ഈ കേന്ദ്രങ്ങളില്‍ ഫോണിലൂടെയും നെറ്റ് കണക്ടറിന്റെ സഹായത്തോടെ ലാപ്‌ടോപ്പിലും വൈഫൈ ഉപയോഗിക്കാനാവും. മൂന്നു മാസത്തിനകം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 82 ഇടങ്ങള്‍ കൂടി ഫ്രീ വൈഫൈ കേന്ദ്രങ്ങളാക്കുമെന്ന് ഐടി മിഷന്‍ കോ-ഓഡിനേറ്റര്‍ സംഗീത് സോമന്‍ അറിയിച്ചു.

RELATED STORIES

Share it
Top