ജില്ലയില്‍ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി

പത്തനംതിട്ട: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ് ആവിഷകരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി പത്തനംതിട്ട ജില്ലയിലേക്കും. ആറന്മുള, പെരുന്തേനരുവി, കോന്നി, അടവി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനും പ്രധാന കേന്ദ്രങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.  ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നാറാറണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി സുന്ദരേശന്‍, ഡിറ്റിപിസി സെക്രട്ടറി ഷംസുദ്ദീന്‍, ആറന്മുള കണ്ണാടി സൊസൈറ്റി പ്രതിനിധി ഗോപകുമാര്‍, അജി അലക്‌സ്, ജോജി മാലേക്കല്‍, വരദരാജന്‍ പെരുന്തേനരുവി, പള്ളിയോട സേവാസംഘം പ്രതിനിധി അശോകന്‍ മാവുനി ല്‍ക്കുന്നതില്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശരത് ചന്ദ്രന്‍ പങ്കെടുത്തു.
ടൂറിസം കേന്ദ്രങ്ങളെ മെച്ചെപ്പെടുത്തുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലാണ് സംരംഭം. ഓരോ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 84 കേന്ദ്രങ്ങളാണ് ഈ പദ്ധതിയില്‍ പ്രാഥമിക പട്ടികയിലുള്ളത്. ടൂറിസം കേന്ദ്രങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നതിനു തയാറെടുപ്പുകള്‍ നടത്തുക, ടൂറിസം കേന്ദ്രങ്ങളുടെ പരിപാലത്തിനായി സുസ്ഥിര സംവിധാനം രൂപപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്കു ജീവിക്കാനും സന്ദര്‍ശിക്കാനുമുള്ള മികച്ച ഇടങ്ങളായി മാറ്റുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

RELATED STORIES

Share it
Top