ജില്ലയില്‍ ദലിത് ഹര്‍ത്താല്‍ ഭാഗികം

കണ്ണൂര്‍:  ദലിത് വിഭാഗക്കാരുടെ ഭാരത് ബന്ദിനിടെ നിരപരാധികളെ കൊന്നൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പട്ടികവിഭാഗ ഐക്യസമിതി നടത്തിയ ഹര്‍ത്താലിന് ജില്ലയില്‍ സമ്മിശ്ര പ്രതികരണം. മലയോര മേഖലകളില്‍ ഹര്‍ത്താല്‍ പണിമുടക്കിന്റെ പ്രതീതിയുണ്ടാക്കി.
മറ്റു പ്രദേശങ്ങളില്‍ ഭാഗികമായിരുന്നു. പ്രധാന നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യബസ് സര്‍വീസുകള്‍ വിരളമായിരുന്നു. ഇതു ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കി. എന്നാല്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ നിരത്തിലിറങ്ങി. യാത്രക്കാര്‍ പ്രധാനമായും ചെറുകിട വാഹനങ്ങളെ ആശ്രയിച്ചു.
സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല കാംപസുകളിലും മറ്റു കോളജുകളിലും നാമമാത്ര വിദ്യാര്‍ഥികളാണ് എത്തിയത്. പലയിടങ്ങളിലും സമരാനുകൂലികള്‍ പ്രകടനമായെത്തി വാഹനങ്ങള്‍ തടയുകയും കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു.
മയ്യില്‍, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ ഭാഗങ്ങളിലും സമരക്കാര്‍ ബസ് തടഞ്ഞു. കണ്ണൂര്‍ പുതിയ ബസ്‌സ്റ്റാന്റ്, പഴയ സ്റ്റാന്റ് ഭാഗങ്ങൡ പോലിസ് ഇടപെട്ട് തടസ്സം നീക്കി. വിവിധ കേന്ദ്രങ്ങളില്‍ പട്ടികവിഭാഗ ഐക്യസമിതി പ്രകടനം നടത്തി. പുതിയതെരുവില്‍ നിന്നാരംഭിച്ച പ്രകടനം കണ്ണൂരില്‍ സമാപിച്ചു. പി നാരായണന്‍, പ്രഭാകരന്‍ നാറാത്ത്, ഡോ. എ സുനില്‍കുമാര്‍, സി ബാലകൃഷ്ണന്‍, കല്യാശ്ശേരി കുഞ്ഞമ്പു, കെ ശശിധരന്‍, പത്മനാഭന്‍ മൊറാഴ, കെ ഷൈജു, സതീശന്‍ പള്ളിപ്രം, ശരത് ചന്ദ്രന്‍, അനീഷ് ഓണപ്പറമ്പ്, എം വി മനോഹരന്‍, ടി ദിലീപ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top