ജില്ലയില്‍ ക്വട്ടേഷന്‍ സംഘം സജീവം; മോഷണവും പതിവ്

കാസര്‍കോട്: ജില്ലയില്‍ ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ക്വട്ടേഷന്‍, മാഫിയ സംഘങ്ങള്‍ വിലസുന്നു. കഴിഞ്ഞ ദിവസം രാത്രി പാലക്കുന്നില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു യുവാവിന് നേരെ നിറയൊഴിച്ചിരുന്നു. എന്നാല്‍ സംഘം ഒത്തുകളിച്ച് വെടിവെപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
ബേക്കല്‍ പോലിസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവില്‍ പ്രതിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ വെടിവെപ്പ് നടന്ന കെട്ടിടത്തിലെത്തി തെളിവ് ശേഖരിച്ചു. കഴിഞ്ഞ മാസം 23ന് കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആളെ കാണാനെത്തിയ യുവാവിനെ ക്വട്ടേഷന്‍ സംഘം റൈഫിള്‍ ചൂണ്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലിസ് തയ്യാറായില്ല. എന്നാല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെ ഇന്നലെ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.
കുമ്പള സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളിയില്‍ കഴിഞ്ഞ ദിവസം ബൈക്കുകളിലെത്തിയ സംഘം യുവാവിനെ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ സംഘമാണ് ലീഗ് പ്രവര്‍ത്തകനായ സീതാംഗോളി മുഗു ജങ്ഷനിലെ എസ്ബിടി അലുമിനിയം ഫാബ്രിക്കേഷന്‍ കട ഉടമ ആരിഫി(31)നെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഏതാനും ദിവസം മുമ്പ് സീതാംഗോളി ടൗണിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട വിരോധമാണ് അക്രമത്തിന് കാരണമെന്ന പോലിസ് പറഞ്ഞു. പട്ടാപകല്‍ പോലും മാരകായുധങ്ങളുമായി വാഹനങ്ങളില്‍ സഞ്ചരിച്ച് അക്രമം നടത്തുന്ന ഗുണ്ടാ-മാഫിയ സംഘങ്ങള്‍ ജനജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മാത്രവുമല്ല മഴക്കാലം ആരംഭിച്ചതോടെ ജില്ലയില്‍ മോഷണവും പതിവായിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലാണ് കവര്‍ച്ച നടന്നത്.
ബദിയടുക്കയിലെ വ്യാപാര സ്ഥാപനത്തിന്റെ ചുമര് തുരന്ന് 15,000 രൂപയും കൊട്ടോടിയിലും മാലോത്തും കടകള്‍ കുത്തിത്തുറന്നും കവര്‍ച്ച നടന്നു. കൊട്ടോടി പാലത്തിന് സമീപത്തെ പെട്ടിക്കടയില്‍ നിന്ന് 1000 രൂപയും മാലോത്തെ പലചരക്ക് കടയില്‍ നിന്ന് 26,000 രൂപയും കവര്‍ന്നിട്ടുണ്ട്.
കടകളുടെ ഷട്ടര്‍ പൊളിച്ചാണ് മോഷണം. രാത്രികാല പോലിസ് പട്രോളിങ് ശക്തമല്ലാത്തതും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും എത്തി താമസിക്കുന്നവരെ കുറിച്ച് പോലിസിന് വിവരമില്ലാത്തതും കവര്‍ച്ചയും അക്രമങ്ങളും പെരുകാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

RELATED STORIES

Share it
Top