ജില്ലയില്‍ കെടുതികള്‍ തുടരുന്നു; 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: ജില്ലയില്‍ മഴയുടെ ശക്തി അല്‍പ്പം കുറഞ്ഞെങ്കിലും അഞ്ചാം ദിവസവും കെടുതികള്‍ തുടരുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി പെയ്ത മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പു വീണ്ടും ഉയര്‍ന്നു.
ജലനിരപ്പ് ക്രമാതീതമായി ഉയരുകയും അപകടപരിധി കടക്കുകയും ചെയ്തതോടെ കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. റെയില്‍വേ മേല്‍പ്പാലവും ജലനിരപ്പും തമ്മില്‍ ഒരടി മാത്രമെത്തിയ പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ യാത്ര റദ്ദാക്കിയത്.
എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകളും, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി-പാലരുവി എക്‌സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ കോട്ടയത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവര്‍ സ്‌റ്റേഷനില്‍ ക്യാംപ് ചെയ്യുന്നുണ്ട്. നീലിമംഗലം പാലത്തില്‍ വിശദമായ പരിശോധന നടത്തി.
വെള്ളത്തിന്റെ വരവു കുറഞ്ഞാല്‍ മാത്രമേ സംഘം മടങ്ങൂ. വെള്ളത്തിന്റെ വരവു തുടര്‍ന്നാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ ഇനിയും റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. ഓഫിസുകളിലും മറ്റും പോവുന്നതിനായി സ്ഥിരമായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. മീനച്ചിലാര്‍ കരകവിയുകയും കൂടുതല്‍ മേഖലകളിലേക്കു വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു കുടുംബങ്ങളെയാണു ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവു വര്‍ധിച്ചതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയത്.
കോട്ടയത്ത് 1994ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇത്രയും വെള്ളം പൊങ്ങുന്നത് ആദ്യമായാണെന്നാണു വിലയിരുത്തല്‍. മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങിയവ കരകവിയുകയും മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്തതാണ് ഇത്തരത്തിലൊരു പ്രളയത്തിന് ആക്കംകൂട്ടിയത്. കോട്ടയം പൂര്‍ണമായും വെള്ളത്തിലായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു രണ്ട് യൂനിറ്റ് ദുരന്ത നിവാരണസേനയും രംഗത്തെത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ കോട്ടയത്ത് അഞ്ചുപേരാണ് ഇതുവരെ മരിച്ചത്.
കൊക്കയാറില്‍ പൂവഞ്ചിപാറമടക്കു സമീപം മീന്‍പിടിക്കാന്‍ പോയി കാണാതായ രണ്ടുപേരെ ഇതുവരെയായും കണ്ടെത്താനായിട്ടില്ല. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. നട്ടാശ്ശേരിയില്‍ മാനസികദൗര്‍ബല്യമുള്ള യുവാവിനെ വെള്ളപ്പൊക്കത്തെ തുടര്‍ന്നു നാട്ടുകാര്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഇവിടെ നടക്കാന്‍ സ്വാധീനമില്ലാത്തയാളെയും നാട്ടുകാര്‍ ചേര്‍ന്നാണ് ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയത്.
നട്ടാശ്ശേരിയില്‍ നിന്ന് ഇന്നലെയും നൂറുകണക്കിനാളുകളാണ് വീട്ടുസാധനങ്ങളുമായി ക്യാംപുകളിലേക്കു പോയത്. താഴത്തങ്ങാടിയില്‍ കിടപ്പായിരുന്ന ഒരു കുടുംബത്തെ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് രക്ഷിച്ചത്.
ഇന്നലെ രാവിലെ വീടിനു ചുറ്റം വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇവരുടെ വിവരം നാട്ടുകാരാണ് ഫയര്‍ഫോഴ്‌സ് അറിയിച്ചത്. ഉടന്‍തന്നെ ഫൈബര്‍ബോട്ടുമായി സംഘം സ്ഥലത്തെത്തി ഇവരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റുകയായിരുന്നു. ചുങ്കം പഴയ സെമിനാരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു കടത്തുവള്ളത്തിലാണ് ആളുകളെ മാറ്റിയത്. ദുരിതം വിതച്ച മേഖലകളില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് കുടുംബങ്ങളുടെ രക്ഷയ്‌ക്കെത്തിയത്.
ദുരന്ത നിവാരണസേനയുടെ സംഘം കൂടുതല്‍ ദുരിതം ബാധിച്ച മേഖലകളിലെത്തിയില്ലെന്നു നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം, മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണമായും വെള്ളക്കെട്ടിലായ പാലാ നഗരത്തില്‍ ബസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചു.
പാലായിലേക്കുള്ള സര്‍വീസുകള്‍ ഇന്നലെ സുഗമമായി നടന്നു. നഗര ഹൃദയത്തില്‍ നിന്ന് വലിയ തോതിലുണ്ടായിരുന്ന വെള്ളം ഏതാണ് ഇറങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.

RELATED STORIES

Share it
Top