ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന

പത്തനംതിട്ട: സ്വകാര്യ ബസുകളുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. ഞായറാഴ്ച മാത്രം 36,81,429 രൂപയാണ് ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സാധാരണ എല്ലാ ബസുകള്‍ക്കും വരുമാനം കുറവുള്ള ദിവസമാണ് ഞായറാഴ്ച. സ്വകാര്യ ബസുകള്‍ അടക്കം പല സര്‍വീസുകളും റദ്ദാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇതിനെയെല്ലാം മറികടന്നാണ് റെക്കോഡ് വരുമാനത്തിലേക്ക് കെഎസ്ആര്‍ടിസി കുതിച്ചത്. സ്വകാര്യ ബസ് സമരം തുടങ്ങുന്നതിന് മുന്‍പ് ശരാശരി 28 ലക്ഷം രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം. എട്ടുലക്ഷം രൂപയുടെ ശരാശരി വരുമാന വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തിരുവല്ല ഡിപ്പോയില്‍ ഞായറാഴ്ചത്തെ വരുമാനം 9.50 ലക്ഷവും പത്തനംതിട്ടയില്‍ 13 ലക്ഷവും അടൂരില്‍ ഏഴുലക്ഷവുമാണ്. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയിലാണ് ഏറ്റവുമധികം വരുമാന വര്‍ധനവുണ്ടായിരിക്കുന്നത്-ശരാശരി നാലുലക്ഷം രൂപ.
മാരാമണ്‍, മാടമണ്‍ കണ്‍വന്‍ഷനുകള്‍ സമാപിച്ചതോടെ സ്‌പെഷ്യല്‍ സര്‍വീസിന് അയച്ചിരുന്ന ബസുകള്‍ തിരികെ എത്തി.
സ്വകാര്യ ബസുകള്‍ കുത്തകയാക്കിയിരുന്ന റൂട്ടുകളിലേക്ക് ഈ ബസുകള്‍ അയച്ചു തുടങ്ങി. ഒറ്റ ബസുകള്‍ പോലും ഓടാതിരുന്ന അഴൂര്‍, താഴൂര്‍ക്കടവ്, വള്ളിക്കോട് റൂട്ടില്‍ ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരുന്നു. റെക്കോഡ് വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍, ഭരണപക്ഷത്തുള്ള നേതാക്കള്‍ അടക്കം സ്വകാര്യ ബസുകള്‍ ഈ റൂട്ടിലൂടെ കെഎസ്ആര്‍ടിസിക്ക് മുന്നിലും പിന്നിലും ഓടിക്കാന്‍ തുടങ്ങിയതോടെ അവസാനിപ്പിക്കുകയായിരുന്നു. അതിന് ശേഷമുണ്ടായ ആദ്യ സ്വകാര്യ ബസ് സമരം പ്രദേശത്തുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ബസില്ലാത്തത് കാരണം വിദ്യാര്‍ഥികളും ജോലിക്കാരും വീട്ടിലിരിക്കുകയാണ്. ഇന്നു മുതല്‍ രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.

RELATED STORIES

Share it
Top