ജില്ലയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ നടപടി ആയില്ല

പത്തനംതിട്ട: രണ്ടുമാസം കൂടി മഴയില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ ജില്ലയിലും വാട്ടര്‍ കിയോസ്‌കുകള്‍ കൊണ്ടോ നിലവിലുള്ള മറ്റു സംവിധാനങ്ങള്‍ കൊണ്ടോ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇടയ്ക്കിടെ മഴയുടെ ലഭ്യത ഉണ്ടാവുമ്പോഴും വരാനിരിക്കുന്നത് കഠിനമായ വര്‍ള്‍ച്ചാണെന്ന സൂചന ഇതിനോടകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ട് ജില്ലയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ജലസ്രോതസുകള്‍ കണ്ടെത്തണമെന്നും മുന്‍ കരുതലെടുക്കണമെന്നും മന്ത്രി മാത്യു ടി തോമസ് 2017 ഫെബ്രുവരി 25ന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.
ഭൂഗര്‍ഭജല വകുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും സ്വന്തം വകുപ്പുപോലും മുഖവിലക്കെടുത്തില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇത് വ്യക്്തമാക്കുന്നതാണ് ജില്ലയില്‍ മിക്ക പ്രദേശങ്ങളിലും വിതരണ പൈപ്പ് പൊട്ടിയും അല്ലാതെയും വന്‍ തോതില്‍ കുടിവെള്ളം നഷ്ടമാവുന്നത്. ഇതിനോടൊപ്പം ഗ്രാമീണ മേഖലയില്‍ അടക്കം പൊതുടാപ്പുകളില്‍ നിന്നും വെള്ളം ചോര്‍ത്തി നടത്തുന്ന കോണ്‍ക്രീറ്റ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തികള്‍. ഇതിന് പുറമേയാണ് ഹോസ് ഘടിപ്പിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുന്നത്.
അച്ചന്‍കോവിലാറിലെ ജലനിരപ്പ് താഴ്ന്നതോടെ വള്ളിക്കോട്, കോന്നി, അതുമ്പുംകുളം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ ചെക്കുഡാമുകള്‍ സ്ഥാപിച്ച് ജലലഭ്യത ഉറപ്പു വരുത്തുന്നതിന് കഴിയുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
പത്തനംതിട്ട മുനിസിപ്പാലിറ്റി മിക്ക പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ടാപ്പുകളില്‍ ജലം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകളില്‍ ജലവിതരണം ഉറപ്പാക്കുന്നതിനായി തോട്ടുങ്കല്‍പടിയിലെ വാട്ടര്‍ അതോറിറ്റിയുടെ വാല്‍വ് തുറന്നുനല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഉള്ളതുകൊണ്ടാണ് പമ്പയിലും കക്കാട്ടാറിന്റെ തീരങ്ങളിലും വലിയ ജലക്ഷാമം ഉണ്ടാകാത്തത്. ഈ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി നിര്‍മിച്ചിട്ടുള്ള തടയണ ജലം ശേഖരിച്ചു നിര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നും ഇതുപോലെ മറ്റു നദികളിലും ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയാണെങ്കില്‍ വേനല്‍ക്കാലത്ത് ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും.

RELATED STORIES

Share it
Top