ജില്ലയില്‍ കാലവര്‍ഷം കനത്തു: പെരിങ്ങല്‍കുത്ത് ഡാം തുറന്നു

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം കനത്തു. പെരിങ്ങല്‍കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെട്ടുകാട് വീടിനു മുകളിലേക്ക് പാറയിടിഞ്ഞു വീണു.തൃശൂര്‍-പാലക്കാട് ദേശിയപാതയില്‍ കുതിരാനില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. ഇതോടെ ഈ വഴിയില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ മരക്കൊമ്പ് തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കനത്ത മഴയില്‍ വെള്ളക്കെട്ട് എല്ലായിടത്തും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിയിലാണ്. മരം വീണ് ഗതാഗതം, വൈദ്യുതി എന്നിവ തടസപ്പെട്ടിട്ടുണ്ട്. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശവുമുണ്ടായി. തൃശൂരില്‍ സ്‌കൂള്‍ വാനിന്റെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ജില്ലാ ആശുപത്രിക്കു സമീപം പാലക്കല്‍ അങ്ങാടിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഏഴാംകല്ലില്‍ രണ്ടു വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. രാമവര്‍മപുരത്ത് മരം കടപുഴകി വീണു. ചാലക്കുടി എന്‍എസ്എസ് സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം നിലച്ചു. ചാലക്കുടി പുഴയില്‍ നിന്നു റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ടു. പുത്തൂര്‍ വെട്ടുകാട് മണ്ണിടിച്ചിലില്‍ ടെറസ് വീടിന്റെ ജനല്‍ തകര്‍ന്നു. വീടിന്റെ പകുതിയോളം ഉയരത്തില്‍ കല്ലും മണ്ണും വീണിരിക്കുകയാണ്. പരിയാരം കമ്മളം റോഡില്‍ വെള്ളം കയറി. പഴഞ്ഞി ഐനൂര്‍ പള്ളിക്കു സമീപം റോഡില്‍ നിന്നു മഴവെള്ളം വീടുകളിലേക്ക് ഒഴുകിക്കയറി. മറ്റത്തൂരില്‍ വലിയതോട് കരകവിഞ്ഞു കോടിലിപ്പാടം മുങ്ങി. അതിരപ്പിള്ളി-വാഴച്ചാല്‍ പുളിയിലപ്പാറ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴവെള്ളം കൃഷിയിടങ്ങളില്‍ കെട്ടിക്കിടന്ന് വന്‍തോതില്‍ നാശനഷ്ടം. കൊച്ചുകടവ്, കുണ്ടൂര്‍, ആലമിറ്റം, വയലാര്‍, ചെത്തിക്കോട്, മേലാംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ കാര്‍ഷികവിളകള്‍ നശിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ വാഴ, കപ്പ, പച്ചക്കറി തുടങ്ങിയവയില്‍ കുറേയേറെ വെള്ളം കയറി നശിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് ചെയ്ത കൃഷിയില്‍ നിന്നും ഇറക്കിയ തുകയില്‍ പകുതിയോളം മാത്രമാണ് പല കര്‍ഷകര്‍ക്കും ലഭ്യമായത്. വെള്ളം കെട്ടിനില്‍ക്കുന്നത് ജാതി പോലുള്ള കാര്‍ഷിക വിളകള്‍ക്കും ദോഷകരമാണ്. കുണ്ടൂര്‍ ആലമറ്റത്ത് എം ബി തോമസ്, എ എം മോഹനന്‍, കുന്നത്തുവീട്ടില്‍ അയ്യപ്പന്‍കുട്ടി, കെ ബി മുരുകന്‍ എന്നിവരുടെയും കുണ്ടൂരില്‍ കോട്ടക്കല്‍ ജോസ്, ഐനിക്കല്‍ ലിജോ വര്‍ഗ്ഗീസ്, തുടങ്ങിയവരുടെ വാഴ, ചേന, കപ്പ, പച്ചക്കറിയിനങ്ങള്‍ തുടങ്ങിയവയും വെള്ളം കയറി നശിക്കുകയാണ്. കൊച്ചുകടവില്‍ തോപ്പുതറ വിനോദ്, തോപ്പുതറ മനോജ്, കുറ്റിമാക്കല്‍ അഷറഫ്, പാറായി സിദ്ധിഖ്, പണ്ടാരംപറമ്പില്‍ ബീരാന്‍ തുടങ്ങിയവരുടെ വാഴ, ചേന, കപ്പ തുടങ്ങിയ കാര്‍ഷീക വിളകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്. എരവത്തൂര്‍ ഭാഗത്ത് സി ഡി തോമസിന്റേയും ഐരാണിക്കുളത്ത് പി ഒ പൗലോസിന്റേയും വാഴ, കപ്പ, ചേന തുടങ്ങിയ കാര്‍ഷീക വിളകളെല്ലാം വെള്ളത്തില്‍ മുങ്ങി നശിക്കുകയാണ്.

RELATED STORIES

Share it
Top