ജില്ലയില്‍ ഇതുവരെ വന്ധ്യംകരിച്ചത് 1629 തെരുവുനായകളെ

മലപ്പുറം: തെരുവുനായ ശല്യം ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എന്ന എന്‍ജിഒയുടെ നേത്യത്വത്തിലുള്ള ആന്റി റാബീസ് ടാസ്‌ക് ഫോഴ്‌സ് ജില്ലയില്‍ ഇതുവരെ വന്ധ്യംകരിച്ചത് 1629 തെരുവുനായകളെ. പൊന്നാനി, മഞ്ചേരി, തേഞ്ഞിപ്പലം, തിരൂര്‍ എന്നിവിടങ്ങളിലായി ക്യാംപ്  ചെയ്താണ് ടാസ്‌ക് ഫോഴ്‌സ് ഇത്രയും നായകളെ വന്ധ്യംകരിച്ചത്.
ഈയൊരു ഘട്ടത്തില്‍ തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തരീതിയും അവബോധവും ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന മലപ്പുറം എംഎസ്പി എല്‍പിസ്‌കൂളിലെ പ്രദര്‍ശന നഗരിയില്‍ ടാക്‌സ് ഫോഴ്‌സിന്റെ സ്റ്റാള്‍ സജ്ജമാക്കി.
തെരുവുനായകളെ പിടികൂടുന്നതും വന്ധ്യംകരിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചാണ് മൃഗസംരക്ഷണ വകുപ്പ് പ്രദര്‍ശന നഗരിയില്‍ സ്റ്റാളൊരുക്കിയിരിക്കുന്നത്. തിരൂര്‍ കേന്ദ്രീകരിച്ചുള്ള വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാറായ ഘട്ടത്തിലാണിത്. തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനത്തിന് ഇനി മലപ്പുറവും നിലമ്പൂരുമാണ് പരിഗണനയിലുള്ളതെന്ന് ആന്റി റാബീസ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കുന്ന തൃശൂര്‍ സ്വദേശിനിയും എഡ്യുക്കേഷന്‍ ആന്റ് അവേര്‍നസ് ഓഫീസറുമായ സാലി കണ്ണന്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തിലും മേല്‍നോട്ടത്തിലുമാണ് തെരുവുനായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നത്.  രാജസ്ഥാന്‍ സ്വദേശിയായ ഡോ: ശിവേന്ദ്ര റാത്തോര്‍, രാജസ്ഥാന്‍, ഹരിയാന, ജാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളായ വളണ്ടിയര്‍മാര്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്.

RELATED STORIES

Share it
Top