ജില്ലയില്‍ ആശങ്ക പരത്തി ഡെങ്കിപ്പനിയും വൈറല്‍പ്പനിയുംകോട്ടയം: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ ഡെങ്കിപ്പനിയും വൈറല്‍പ്പനിയും പടരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കുട്ടുതറ, ഈരാറ്റുപേട്ട, ഏന്തയാര്‍, വണ്ടന്‍പതാല്‍, കൂവപ്പള്ളി, കൊടുങ്ങൂര്‍ പ്രദേശങ്ങളിലാണ് അനിയന്ത്രിതമാം വിധം പകര്‍ച്ചപ്പനി വ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടികളടക്കം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിലായിരിക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിവിധ സര്‍ക്കാര്‍ ആശുപത്രികൡ ഇന്നലെ മാത്രം പനിബാധിച്ച് ചികില്‍സ തേടിയത് 866 പേരാണ്. ഈമാസം ഇതുവരെ 6,229 പേര്‍ക്കാണ് പനി ബാധിച്ചിട്ടുള്ളത്. ആറു മാസത്തിനിടെ ജില്ലയില്‍ മാത്രം 33,152 പേര്‍ക്ക് വൈറല്‍പ്പനി ബാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.ഇന്നലെ എലിക്കുളം, പാമ്പാടി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, മുളക്കുളം എന്നിവിടങ്ങളിലായി അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്നുപേര്‍ ഡെങ്കിപ്പനി സംശയത്തിന്റെ പേരില്‍ ചികില്‍സയിലുമാണ്. രണ്ടാഴ്ചയ്ക്കിടെ 29 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ആറുമാസത്തിനിടെ 143 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ ഇന്നലെ പുതുപ്പള്ളിയിലും കോട്ടയം മുനിസിപ്പാലിറ്റിയിലുമായി രണ്ടുപേര്‍ക്ക് ചിക്കന്‍ പോക്‌സും കണ്ടെത്തി. ജനങ്ങളെ ആശങ്കപ്പെടുത്തി എച്ച് 1 എന്‍ 1 പനിയും പടരുന്നുണ്ട്്. രണ്ടാഴ്ചയ്ക്കിടെ 14 പേര്‍ക്കാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെ 42 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം കോട്ടയം മേഖലകളില്‍ എച്ച്1 എന്‍1 പടര്‍ന്നുപിടിച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു. മഴക്കാലപൂര്‍വ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകളാണ് മഴ കൂടുന്നതിനനുസരിച്ച് പകര്‍ച്ചപ്പനിയും വ്യാപകമാവാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനു കൊതുകുനിയന്ത്രണമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഡെങ്കിപ്പനിക്കു കാരണമാവുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണു രോഗം പടരാന്‍ കാരണം. എന്നാല്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൊതുകുനിയന്ത്രണമാര്‍ഗങ്ങളൊന്നും ഇത്തവണ കാര്യക്ഷമമായി നടന്നിരുന്നില്ല. കൊതുകുനശീകരണത്തിനൊപ്പം പരിസരശുചിത്വവും ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. പ്രായാധിക്യമുള്ളവരും മറ്റു പ്രതിരോധ രോഗമുള്ളവരും രക്തസമ്മര്‍ദമുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എന്നാല്‍, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളൊക്കെ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുകയാണെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി ബാധിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സിന്റെ അളവ് ക്രമാതീതമായി താഴുകയാണ് ചെയ്യുക. പ്ലേറ്റ്‌ലെറ്റ്‌സിന്റെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തിന് കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. കൃത്യമായ ചികില്‍സയിലൂടെ പ്ലേറ്റ്‌ലെറ്റ്‌സിന്റെ അളവ് കൂട്ടിയെങ്കില്‍ മാത്രമേ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയൂ. അതേസമയം, പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. സ്വകാര്യാശുപത്രികളിലെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ കണക്കുകള്‍ ഞെട്ടിക്കുന്നതാവും. നൂറുകണക്കിന് രോഗികളാണ് ഓരോ ദിവസവും ആശുപത്രികളില്‍ കയറിയിറങ്ങുന്നത്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ പനിബാധിതരുടെ കൃത്യമായ കണക്കുകള്‍ പോലും ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മഴക്കാലം ആരംഭിച്ചതു മുതല്‍ പനിബാധിതരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും കൊതുകു നശീകരണത്തിനും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകളുണ്ടാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top