ജില്ലയില്‍ അപകടങ്ങള്‍ പെരുകി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 13 പേര്‍

കല്‍പ്പറ്റ: പോലിസിന്റെ ഇന്റര്‍സെപ്റ്ററും ഹൈവേ പട്രോളിങ് യൂനിറ്റും മോട്ടോര്‍വാഹന വകുപ്പും വ്യാപക പരിശോധനകള്‍ നടത്തിവരുമ്പോഴും ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ഇന്റര്‍സെപ്റ്റര്‍ ജില്ലയിലെത്തിയതോടെ അപകടങ്ങള്‍ കുറഞ്ഞെന്നാണ് പോലിസ് അവകാശപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 13 ജീവനുകള്‍ റോഡില്‍ പൊലിഞ്ഞു. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നു. ഏറ്റവുമൊടുവില്‍ ശനിയാഴ്ച രാവിലെ കൊളഗപ്പാറ ഉജാലപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. കാസര്‍കോട്ട് നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അന്നുതന്നെ മീനങ്ങാടി 54ല്‍ ജീപ്പിലിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പെയിന്റിങ് തൊഴിലാളിയായ അത്തിനിലം സ്വദേശി രാഹുല്‍ മരിച്ചു. യുവാവിന്റെ പിതാവ് രാജന്‍ രണ്ടുവര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരണപ്പെട്ടിരുന്നു.
പട്ടാണിക്കൂപ്പ് മാടല്‍ വളവില്‍ ഈ മാസം ഒന്നിനുണ്ടായ ബൈക്കപകടത്തില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായികാധ്യാപകന്‍ ചെറ്റപ്പാലം തച്ചുകുഴിയില്‍ സൂരജ് എന്ന കണ്ണന്‍, സഹയാത്രികനായ ആനപ്പാറ വള്ളന്‍തോട് അനീഷ് എന്നിവരാണ് മരിച്ചത്.
മീനങ്ങാടി അമ്പലപ്പടിയില്‍ അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ച് മീനങ്ങാടി എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ കരുനാഗപ്പള്ളി തൈക്കുട്ടയില്‍ ഹരികുമാര്‍ മരിച്ചത് ഫെബ്രുവരി അവസാനമാണ്. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ മരിച്ചതും ദിവസങ്ങള്‍ക്ക് മുമ്പ്. ലക്കിടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ബിടിടിഎം അവസാന വര്‍ഷ വിദ്യാര്‍ഥിയും കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് സഫ്വാന്‍ മരിച്ചതും ഫെബ്രുവരി അവസാനമാണ്. കൂടെ യാത്ര ചെയ്ത മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ നൂറുദ്ദീന്‍ അപകടത്തിന് തൊട്ടടുത്ത ദിവസം മരിച്ചു.
ആറാട്ടുപാറയില്‍ നിന്ന് അമ്പലവയല്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ആറാട്ടുപ്പാറ പള്ളിയാലില്‍ ശശി മരിച്ചത് അടുത്തിടെയാണ്. തൊട്ടുപിന്നാലെ സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് മറ്റൊരാള്‍ മരിച്ചു. കൈനാട്ടിക്ക് സമീപം വെള്ളമ്പാടിയില്‍ കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വരദൂര്‍ വെള്ളാങ്കല്‍ എബ്രഹാമിന്റെ മകന്‍ സജി എബ്രഹാമും എരുമാട് തിരുവമ്പാടി ക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ചുള്ളിയോട് കഴമ്പുകര കോളനിയിലെ പരേതനായ ശിവന്റെ മകന്‍ വിഘ്നേഷും മരിച്ചു. മകനോടൊത്ത് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മ തെറിച്ചുവീണ് മരിച്ചതും ഇതിന് പിന്നാലെയാണ്.

RELATED STORIES

Share it
Top