ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ 346 പോക്‌സോ കേസുകള്‍

പത്തനംതിട്ട: കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയതിന് ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 346 പോക്‌സോ കേസുകള്‍ റിപോര്‍ട്ടു ചെയ്തു. ഏഴു കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കി പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. കുറഞ്ഞത് ഏഴുവര്‍ഷമാണ് തടവ് ശിക്ഷാ കലാവധി. 2012ലാണ് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമായ പോക്‌സോ നിലവില്‍ വന്നത്. പോക്‌സോ കേസില്‍ അറസ്റ്റിലായാല്‍ കുറഞ്ഞത് ആറുമാസമാണ് റിമാന്‍ഡ് കാലാവധി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ടു ചെയ്തത് പറക്കോട് ബ്‌ളോക്കിലാണ്. കുറഞ്ഞത് കോയിപ്രത്ത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് അതിജീവനം പദ്ധതി ജില്ലയില്‍ നടപ്പാക്കി വരുന്നു. അതിക്രമത്തിന് വിധേയരാകുന്ന കുട്ടികള്‍ക്കും സാധ്യതയുളള കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്, നിയമവൈദ്യ സഹായങ്ങള്‍ എന്നിവ അതിജീവനം പദ്ധതിയില്‍ ഉറപ്പ് വരുത്തും. ബ്‌ളോക്ക് തലങ്ങളില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ പൊലിസ് സ്‌റ്റേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യല്‍ ജുവനൈല്‍ യൂനിറ്റിലെ ഓഫിസര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ആര്‍ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവനും വ്യക്തിത്വത്തിനും അപകടമുണ്ടെന്നു തോന്നിയാല്‍ അവരെ സംരക്ഷിക്കുവാന്‍ പോലീസ് സ്‌റ്റേഷനുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലിസ് ചീഫ് ജേക്കബ് ജോസ് ഐപിഎസ് മുഖ്യാതിഥി ആയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മാ മാത്യു മുഖ്യപ്രഭാഷണം നടത്തി.
ഡിവൈഎസ്പി ആര്‍ ബി സന്തോഷ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം ജോണ്‍ ജേക്കബ്, ഷാന്‍ രമേശ് ഗോപന്‍, ബിനി മറിയം ജേക്കബ്  സംസാരിച്ചു.

RELATED STORIES

Share it
Top