ജില്ലയില്‍ അംഗീകാരമില്ലാത്ത 65 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി

തൃശൂര്‍: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ 65 സ്‌കൂളുകള്‍ക്ക് അധികൃതര്‍ നോട്ടിസ് നല്‍കി.
ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നു ഓഫിസര്‍മാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള പരിശോധനയും വാദങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ചാവക്കാട് 12, മുല്ലശേരിയില്‍ ഏഴ്, തൃശൂര്‍ വെസ്റ്റില്‍ ഒന്ന്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ 12, ചാലക്കുടയില്‍ മൂന്ന്, തൃശൂര്‍ ഈസ്റ്റില്‍ ഒന്ന്, വടക്കാഞ്ചേരിയില്‍ 11, മാളയില്‍ അഞ്ച്, കുന്നംകുളത്ത് നാല്, ചേര്‍പ്പില്‍ അഞ്ച് എന്നിങ്ങനെയാണ് ജില്ലയിലെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍.
ചാവക്കാട്, വലപ്പാട് ഉപജില്ലകളിലെ എല്ലാ സ്‌കൂളുകളും അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാ സ്‌ക്കൂളുകള്‍ക്കും നോട്ടിസ് നല്‍കി തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ തിടുക്കത്തില്‍ നടപടിയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചതോടെ പലര്‍ക്കും ആശ്വാസമായി. സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 1,585 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.

RELATED STORIES

Share it
Top