ജില്ലയില്‍നിന്നു സമാഹരിച്ചത് 16.74 കോടിയും 2.27 ഏക്കര്‍ സ്ഥലവും

പാലക്കാട്: സമാനതകളില്ലാത്ത പ്രളയം സംസ്ഥാനം നേരിട്ടപ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമാണു നവകേരള സൃഷ്ടിക്കു പങ്കാളികളായത്. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമാഹരിച്ചത് 16,74,14,384 കോടി രൂപയും 2.27 ഏക്കര്‍ (227.5 സെന്റ് ) സ്ഥലവുമാണ്. ജില്ലയില്‍ നിന്നും ജില്ലാ കലക്ടറേറ്റ് വഴി സമാഹരിച്ച തുക 7,97,43,242 കോടിയാണ്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ 11 മുതല്‍ 13 വരെ താലൂക്കുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ധനസമാഹരണ പരിപാടിയില്‍ ലഭിച്ചത് 2,18,09,949 കോടിയുമാണ്. ഒറ്റപ്പാലം താലൂക്ക് 25,58,083, പട്ടാമ്പി താലൂക്ക് 24,82,062, ആലത്തൂര്‍ താലൂക്ക് 54,16,435 ചിറ്റൂര്‍ 48,75,604, പാലക്കാട് 28,32,283 മണ്ണാര്‍ക്കാട് താലൂക്ക് 36,45,482 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ ലഭിച്ച തുക.14 നു ജില്ലാ കലക്ടറേറ്റിലെ ധനസമാഹരണ ക്യാംപില്‍ ലഭിച്ചത് 1,31,61,149 രൂപയും 15ന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളില്‍ ക്യാംപ് നടത്തി സമാഹരിച്ചത് 75,82,044 രൂപയാണ്. ഇതു കൂടാതെ സഹകരണ വകുപ്പ് ദുരിതബാധിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു ബന്ധപ്പെട്ട വകുപ്പ് മന്ത്രി മുഖേന മുഖ്യമന്ത്രിക്കു കൈമാറുമെന്ന് അറിയിച്ച തുക 4,45,38,000 രൂപയും കേരളാ വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന്‍, പാലക്കാട് നല്‍കിയത് 5,80,000 രൂപയുമാണ്.
താലൂക്കുകളിലും ജില്ലാ കലക്ടറേറ്റിലും നടത്തിയ ധനസമാഹരണ ക്യാംപുകളിലൂടെ ഒട്ടെറെ സുമനസ്സുകളും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും കൈമാറി. തൃക്കടീരി സ്വദേശി അബ്ദുഹാജി ഒറ്റപ്പാലം താലൂക്കാഫിസില്‍ വെച്ച് ഒരേക്കര്‍ 10 സെന്റ് സ്ഥലം മന്ത്രി എ കെ ബാലന് കൈമാറി. തേങ്കുറിശ്ശി വില്ലേജിലെ കര്‍ഷകരായ വേണു-കുമാരി ദമ്പതിമാര്‍ 65 സെന്റ് ആലത്തൂരിലും എടപ്പാള്‍ സ്വദേശി കാട്ടില്‍ കിഴക്കേതില്‍ ദേവാനന്ദന്‍ 15 സെന്റും പട്ടാമ്പിയില്‍ വെച്ച് മന്ത്രിക്ക് കൈമാറി. പാലക്കാട് താലൂക്കാഫിസില്‍ നടന്ന ധനസമാഹരണ ക്യാംപില്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം മാടമനയില്‍ ശ്രീധരന്‍ നമ്പൂതിരിപ്പാടും ഭാര്യ മിനി എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയും വടക്കന്തറ നെല്ലിശ്ശേരി ഗ്രാമത്തിലെ പരമശിവന്‍ പത്ത് സെന്റ് സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മണ്ണാര്‍ക്കാട് നടന്ന ക്യാംപില്‍ കുന്തിപ്പുഴ സ്വദേശി കെ ടി ഷൗക്കത്തലി എട്ട് സെന്റും ജില്ലാ കലക്ടറേറ്റില്‍ വെച്ച് പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ഐറിന്‍ ചാള്‍സ് 14.5 സെന്റ് ഭൂമിയുടെ രേഖകളും മന്ത്രി എ കെ ബാലന് കൈമാറി. ജില്ലയില്‍ നിന്നും മാത്രം 227.5 സെന്റ് സ്ഥമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
ചിറ്റൂര്‍ താലൂക്കിലെ ദുരന്തബാധിതരേ സഹായിക്കുന്നതിനായി കൊടുവായൂര്‍ സ്വദേശി ആരപ്പത്ത് വീട്ടിലെ എ കെ നാരായണന്‍ എലവഞ്ചേരി ചെട്ടിത്തറ സ്വദേശിനി പി ഇന്ദിരയ്ക്കും കൊടുവായൂര്‍ നവക്കോട് സ്വദേശി നാരായണനും വീട് നിര്‍മിച്ചു നല്‍കും. ഇതിനായുള്ള സമ്മതപത്രം മന്ത്രിക്ക് കൈമാറി.

RELATED STORIES

Share it
Top