ജില്ലയിലെ 54 സ്‌കൂളുകള്‍അടച്ചുപൂട്ടാന്‍ നിര്‍ദേശം

നിസാര്‍ ഇസ്മയില്‍
ചാമംപതാല്‍: അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന കാരണം കാട്ടി ജില്ലയിലെ 54 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വന്നതോടെ ആശങ്കയിലായിരിക്കുന്നത് നൂറുകണക്കിന് ജീവനക്കാരും രക്ഷിതാക്കളും.
സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതോടെ അടുത്ത അധ്യയനവര്‍ഷം തങ്ങളുടെ മക്കളുടെ ഭാവിയെന്താവും എന്ന ആശങ്കയിലാണ് രക്ഷിതാക്കളെങ്കില്‍ ജീവനക്കാരുടെ ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ 24ന് പുറത്തിറങ്ങിയ ഉത്തരവു പ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടിയ ശേഷം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അധ്യായന വര്‍ഷം തന്നെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. എന്നാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ക്ക് ആവാത്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ വിടുതല്‍ വാങ്ങുന്ന കുട്ടികള്‍ക്ക് അംഗീകാരുള്ള സ്‌കൂളിലെ ടിസി സംഘടിപ്പിച്ച് നല്‍കുകയായിരുന്നു അംഗീകാരമില്ലാത്ത സ്‌കൂളുകാര്‍ ചെയ്തിരുന്നത്. നിലവില്‍ അംഗീകാരമില്ലാത്ത ഇത്തരം സ്‌കൂളുകളിലെ അധ്യാപകര്‍ക്കു നാമമാത്രമായ ശമ്പളമാണു നല്‍കുന്നത്.
ഈ തുകയില്‍ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ ജോലി കൂടി പോവുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നൂറ് കണക്കിന് അധ്യാപക അനധ്യാപകരുടെ ജീവിതം കൂടി വഴിമുട്ടുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പല മാനേജ്‌മെന്റുകളും .

RELATED STORIES

Share it
Top