ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന

പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന. 670 കുട്ടികളുടെ വര്‍ധനയാണ് ഈ അധ്യയനവര്‍ഷം ഉണ്ടായിട്ടുള്ളത്. 2017-18 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 20,675 കുട്ടികള്‍ ഉണ്ടായിരുന്നു. ഈവര്‍ഷം അതേസ്ഥാനത്ത് 21,365 കുട്ടികളായി വര്‍ധിച്ചിട്ടുണ്ട്. എയിഡഡ് സ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷം 56,056 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഈവര്‍ഷം 55,541 കുട്ടികളായി കുറഞ്ഞു.
അണ്‍എയിഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷം 9483 കുട്ടികളുണ്ടായിരുന്നത് ഈവര്‍ഷം 8913 ആയി കുറഞ്ഞു. ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് പൂഴിക്കാട് ഗവ.യുപിഎസിലും കലഞ്ഞൂര്‍ ഗവ. എല്‍പിഎസിലുമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് എണ്ണൂറാംവയല്‍ സിഎംഎസ് എല്‍പിഎസിലാണ്. 52 പേരാണ് ഇവിടെ അക്ഷരമധുരം നുകരാനെത്തിയത്. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പ് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇത്തവണ ചരിത്രനേട്ടമാണ് കൈവരിച്ചിട്ടുള്ളത്. കാല്‍ നൂറ്റാണ്ടായി തുടരുന്ന കുട്ടികള്‍ കുറയുന്നു എന്ന പ്രവണത അവസാനിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32,349 കുട്ടികളുടെ വര്‍ധനവ് ഈ അധ്യനവര്‍ഷം സംസ്ഥാനതലത്തില്‍ പ്രകടമായി.
പൊതുവിദ്യാലയങ്ങളില്‍ 1,85,971 വിദ്യാര്‍ഥികളാണ് ഇക്കുറി പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം 1,45,208 പേര്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണം 3,31,179 വരും. ഇതും ചരിത്രമാണ്.

RELATED STORIES

Share it
Top