ജില്ലയിലെ വിദ്യാര്‍ഥികളില്‍ വായന വര്‍ധിക്കുന്നു

ടി പി ജലാല്‍
മലപ്പുറം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ 1,400 ഓളം സ്‌കൂളുകള്‍ വായനാ മല്‍സരത്തിനൊരുങ്ങുന്നു. ജൂലൈ നാലിനാണ് ജില്ലയില്‍ വന്‍ പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന വായനാ മല്‍സരം നടക്കുക. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളിലാണ് മല്‍സരത്തിനായി തയ്യാറെടുപ്പ് നടത്തുന്നത്. ഇതിനുപുറമെ കാഴ്ച, കേള്‍വി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഇത്തവണ പ്രത്യേക മല്‍സരം നടത്തുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ തവണ നടത്തിയതില്‍ 125 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇതിലും കൂടുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. ഓഡിയോ വഴി റെക്കോര്‍ഡ് ചെയ്ത് കേട്ട ശേഷമാണ് ഇവര്‍ മല്‍സരത്തില്‍ പങ്കെടുക്കുക.  ജില്ലയിലെ വായനാ മല്‍സരത്തിന് വന്‍ സ്വീകാര്യത കൈവരുന്നതിനനുസരിച്ച് ലൈബ്രറികളുടെ എണ്ണവും വര്‍ധിച്ചു.  2016ല്‍ 423 ലൈബ്രറികളുണ്ടായിരുന്നത് 483 ആയി കൂടിയിട്ടുണ്ട്. വര്‍ധന 10 ശതമാനമാണ്. കോട്ടക്കല്‍ ആര്യവൈദ്യശാല, തവനൂര്‍ വൃദ്ധസദനം എന്നിവിടങ്ങളിലും ലൈബ്രറികള്‍ സജീവമാണ്. നിലമ്പൂര്‍ ട്രൈബല്‍ മേഖലയില്‍ മൂന്ന് ഗ്രന്ഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനയിലൂടെ, കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ സബ്ജയിലിലും ലൈബ്രറി ആരംഭിച്ചിട്ടുണ്ട്. മഞ്ചേരിയിലും ഉടന്‍ തുടങ്ങും. വായനാ മല്‍സരത്തില്‍ പങ്കെടുക്കുന്നതില്‍ എല്‍പി, യുപി വിദ്യാര്‍ഥികളാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം 40,000 കുട്ടികള്‍ പങ്കെടുത്തു. യുപിയില്‍ 28,000 പേരും പങ്കാളികളായി. അതേസമയം, ഹൈസ്‌കുള്‍ വിഭാഗത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല.
മല്‍സര പുസ്തകത്തിന്റെ കാഠിന്യമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ബാധിച്ചതെന്നാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍, ഇത് ഇത്തവണ ലളിതമാക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ പറഞ്ഞു. സ്‌കൂള്‍, പഞ്ചായത്ത്, താലൂക്ക്, ജില്ലാ തലങ്ങളിലാണ് മല്‍സരം. വനിതകളുടെ മല്‍സരം 1നും ഒക്ടോബര്‍ 14നും ഡിസംബര്‍ 2നും നടക്കും.  ലൈബ്രറികള്‍ കംപ്യുട്ടര്‍ വല്‍കരിക്കുന്ന നടപടികളും ജില്ലയില്‍ പുരോഗമിച്ചുവരുന്നുണ്ട്. 50 ഓളം ഗ്രന്ഥാലയങ്ങളാണ് ഡിജിറ്റലൈസേഷന് ഒരുങ്ങുന്നത്. കോഹ(സീവമ) സോഫ്റ്റ്‌വേറാണ് ഇതിനുപയോഗിക്കുന്നത്.

RELATED STORIES

Share it
Top