ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധി; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്് തവനൂര്‍ എംഎല്‍എയും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ ഡോ. കെ ടി ജലീലിന് കാംപസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. ഈ വര്‍ഷവും രൂക്ഷമായ പ്രതിസന്ധിയാണ് ജില്ലയിലെ പ്ലസ് വണ്‍ മേഖലയിലുള്ളത്. മലപ്പുറം ജില്ലയില്‍ 77,922 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി വിജയിച്ചപ്പോള്‍ 60,706 സീറ്റുകള്‍ മാത്രമേ പ്ലസ് വണ്‍, പോളിടെക്‌നിക്, ഐടിഐ തുടങ്ങിയ മേഖലകളില്‍ നിലവിലുള്ളു.
അഥവാ 17,216 വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവേശനം തടസ്സമാവും. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലാണിത്. സിബിഎസ്ഇ, സേ, ഇംപ്രൂവ്‌മെന്റ് റിസല്‍ട്ടുകള്‍ വാന്നാല്‍ സീറ്റില്ലാത്തവരുടെ എണ്ണം ഇനിയും കൂടും. പത്തനംതിട്ട, എറണാംകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ യഥാക്രമം 6545, 5449, 5333, 2331 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ സീറ്റിനായി നെട്ടോട്ടമോടുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന ജില്ല എന്ന നിലയ്ക്ക് മലപ്പുറം ജില്ലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുകയോ പ്രത്യേക ഉത്തരവ് ഇറക്കുകയോ ചെയ്യണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. വളാഞ്ചേരി ഏരിയാ പ്രസിഡന്റ് കെ മുസ്തഫ, മിസ്ഹബ് എന്നിവരുടെ സാനിധ്യത്തിലാണ് നിവേദനം കൈമാറിയത്.

RELATED STORIES

Share it
Top