ജില്ലയിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയ സൗകര്യം ഒരുക്കും : മന്ത്രി എ കെ ബാലന്‍പാലക്കാട്: ജില്ലയിലെ അര്‍ഹരായ 50,000 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പാര്‍പ്പിട സമുച്ചയങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ സുരക്ഷാ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍’ പദ്ധതി പ്രകാരം പാര്‍പ്പിട സമുച്ചയത്തിന്റെ ജില്ലാതല ഉദ്ഘാടനം തത്തമംഗലത്തെ വെള്ളപ്പന കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 95 തദ്ദേശസ്ഥാപനങ്ങളില്‍ കുടുംബശ്രീ വഴി നടത്തിയ പഠനം അനുസരിച്ച് ഒരുലക്ഷത്തി 1,35,368ല്‍ ഗുണഭോക്താക്കളെ  കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 82,639 പേര്‍ക്ക് വീടില്ല. 52,750 പേര്‍ക്ക് വീടോ സ്ഥലമോ ഇല്ല. ഇവരില്‍നിന്നാണ് മാനദണ്ഡങ്ങള്‍ അനുസരിച്ച് അര്‍ഹരെ കണ്ടെത്തുക. ഇത്തരം ഭവന സമുച്ചയങ്ങളില്‍ വെള്ളം, വൈദ്യതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സുരക്ഷക്ക് വിമുക്തഭടന്‍മാരെയും നിയോഗിക്കും. സംസ്ഥാനത്ത് വീടോ സ്ഥലമോ ഇല്ലാത്തവര്‍ ആരും ഉണ്ടാവരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീടും സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് ഇവ രണ്ടും സര്‍ക്കാര്‍ ഉറപ്പാക്കും. സംസ്ഥാനത്തെ അഞ്ചു ലക്ഷം ഗുണഭോക്താക്കളില്‍ ഒരു ലക്ഷം പേര്‍ എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നാണ്. ഇവരില്‍ അന്‍പതിനായിരം ആളുകള്‍ക്കുള്ള വീടുപണി നടക്കുകയാണ്. ശേഷിക്കുന്നവരില്‍  നാല്‍പ്പതിനായിരം പേര്‍ക്ക് സ്ഥലമുണ്ട്, എന്നാല്‍ വീടില്ല എന്ന അവസ്ഥയാണ്. 10,000 പേര്‍ക്ക് വീടോ സ്ഥലമോ ഇല്ല. ഇതെല്ലാം സര്‍ക്കാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. റവന്യൂ നേരിടുന്ന സംസ്ഥാനം വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താന്‍ ആവിഷ്‌കരിച്ച കിഫ്ബി വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇതനുസരിച്ച് ഓരോ മണ്ഡലത്തിനും എംഎല്‍എമാര്‍ ഭാവനാതീതമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ജില്ലക്ക് മാത്രം 2500 കോടി രൂപയുടെ സാമ്പത്തിക സഹായം ഇതുവഴി ലഭിച്ചുകഴിഞ്ഞു. വികസനവിഷയങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വെള്ളപ്പനയിലെ ഫഌറ്റ് സമുച്ചയത്തില്‍ 80 കുടുംബങ്ങള്‍ക്കാണ് താമസസൗകര്യം ഒരുക്കുന്നത്. 10 കോടി രൂപയാണ് ചിലവ്. ഇവിടേക്കുള്ള ഗുണഭോക്തക്കളെയും കണ്ടെത്തിക്കഴിഞ്ഞു.

RELATED STORIES

Share it
Top