ജില്ലയിലെ പൊക്കാളി കൃഷി ആയിരം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുംകാക്കനാട്: ജില്ലയില്‍ ഈ വര്‍ഷം ആയിരം ഹെക്ടറില്‍ പൊക്കാളി കൃഷി നടത്തുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഏഴിക്കരയില്‍  പൊക്കാളി പാടശേഖരം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പൊക്കാളി കൃഷി പരമാവധി വിപുലമാക്കാനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം പൊക്കാളി കൃഷി 2000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഏഴിക്കരയില്‍ 130 ഹെക്ടറില്‍ ഈ വര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചു. ഇതിനുളള നടപടികള്‍ ഉടനാരംഭിക്കും. മുന്‍വര്‍ഷം ഇത് 100 ഹെക്ടറായിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ വിത്തു നല്‍കി പൊക്കാളി കൃഷിക്ക് പ്രോല്‍സാഹനം നല്‍കും. വിള നശിപ്പിക്കുന്ന നെല്ലിക്കോഴിയുടെ ശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ കലക്ടറെ അറിയിച്ചു. കൂടാതെ ചളിയിലിറങ്ങി കൊയ്യാന്‍ സാധിക്കുന്ന മെഷീനറി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊക്കാളി കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നും കര്‍ഷകര്‍ കളക്ടറോട് അഭ്യര്‍ഥിച്ചു. 29 കോടി രൂപയുടെ പദ്ധതി തയാറാക്കി പൊക്കാളി ഭിവികസന ഏജന്‍സിക്ക് (പൊക്കാളി ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി) സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന് അനുമതി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാനാകുമെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ ശ്രീദേവി പറഞ്ഞു.പൊക്കാളി ഭൂവികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ദിനകരന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ശ്രീദേവി, അസിസ്റ്റന്റ് ഡയറക്ടര്‍ സോഫി, കൃഷി ഓഫിസര്‍ അനിത ജെയിംസ് കലക്ടറോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top