ജില്ലയിലെ പുഴകളിലെ ഷട്ടര്‍ ഉയര്‍ത്താന്‍ നീക്കം

അരീക്കോട്: ചാലിയാറിലും ചെറുപുഴയിലും ബ്ലു ഗ്രീന്‍ ആല്‍ഗയുടെ സാനിധ്യം അധികമായതിന്റെ മറവില്‍ ചാലിയാര്‍ ഉള്‍പ്പെടെയുള്ള പുഴകളിലെ വെള്ളം ചോര്‍ത്തികളയാന്‍ നീക്കം നടക്കുന്നതായി ആരോപണം. എന്നാല്‍ ഇത്തരം നടപടി ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെ സഹായിക്കാനാണെന്നുള്ള ആരോപണവും ശക്തമാണ്. പുഴയില്‍ കൂടി പൈപ്പ്‌ൈലന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗെയില്‍ അധികൃതര്‍ അനുമതി ആവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ അമിത് മീണയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കടലുണ്ടിപുഴയിലെ പാണക്കാട് ചാമക്കയം തടയണയിലെ വെള്ളം ചോര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തടഞ്ഞിരുന്നു.
ചാലിയാറിലെ വെള്ളം ചോര്‍ത്തിക്കളഞ്ഞാല്‍ മാത്രമേ അരീക്കോട് ഭാഗത്ത് ഗെയില്‍ പദ്ധതി പൈപ്പ് പുഴയിലൂടെ സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. കടലുണ്ടി പുഴയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദേശമുണ്ടായാല്‍ കലക്ടര്‍ക്ക് അനുമതി നല്‍കേണ്ടിവരും. കടലുണ്ടിപുഴയിലെ പാണക്കാട് ചാമക്കയം തടയണ നീക്കം ചെയ്യുന്നതോടെ ജില്ലയുടെ മധ്യഭാഗങ്ങളില്‍ കുടിവെള്ളം രൂക്ഷമാവും. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, ചീക്കോട് കുടിവെള്ള പദ്ധതി, മഞ്ചേരി നഗരസഭ, കാലിക്കറ്റ് എയര്‍പോര്‍ട്ട്, കിന്‍ഫ്ര തുടങ്ങിയ ഭാഗങ്ങളിലേക്ക്  ചാലിയാറില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.
ഗെയില്‍ പദ്ധതിക്കുവേണ്ടി കവണകല്ല് ഷട്ടര്‍ തുറക്കാന്‍ നിര്‍ബന്ധിതതമായാല്‍ ഈ ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം നിലയ്ക്കും. വേനല്‍കാലത്ത് ചാലിയാറിന് കുറുകെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അടുത്ത വേനല്‍വരെ കാത്തിരിക്കേണ്ടിവരും. വാഴക്കാട് കവണകല്ല് ബണ്ടുള്ളതുകൊണ്ടാണ് എടവണ്ണവരെ ചാലിയാറില്‍ ജല നിരപ്പ് ഉയര്‍ന്നിരിക്കുന്നത്. കീഴുപറമ്പ് പഞ്ചായത്തില്‍നിന്ന് ഗെയില്‍ പൈപ്പ്‌ലൈന്‍ ചാലിയാറിനു കുറുകെ കടന്നുപോവുന്നത് അരീക്കോട് അലുക്കലേക്കാണ്. ഈ ഭാഗത്ത് പൈപ്പ് സ്ഥാപിക്കേണ്ടത് ഗെയിലിന്റെ ബാധ്യതയായതിനാല്‍ കവണകല്ല് റഗുലേറേറ്റര്‍ കം ബ്രിഡ്ജ് തുറന്ന് ജല നിരപ്പ് താഴ്ത്തിയാല്‍ മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.
കവണകല്ലിലെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ചാലിയാറിലെ മുഴുവന്‍ കുടിവെള്ള പദ്ധതികളും നിലയ്ക്കും. അതോടെ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവും.

RELATED STORIES

Share it
Top