ജില്ലയിലെ നിരത്തുകള്‍ ചോരക്കളമാവുന്നു

മലപ്പുറം: അശ്രദ്ധയും അമിതവേഗവും ജില്ലയിലെ നിരത്തുകളെ ചോരക്കളമാക്കുന്നു. ൈക്രം റെക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്തഴവരെ 287 പേര്‍ വിവിധ വാഹനാപകടങ്ങളിലായി മരിച്ചു. അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും യുവാക്കളാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിലെ നിരത്തുകളിലുണ്ടായ ഇരുചക്രവാഹന അപകടങ്ങളില്‍ 58 പേരാണ് മരിച്ചത്. ഇതില്‍ 40 അപകടങ്ങളും തട്ടിയെടുത്തത് 25 വയസ്സിന് താഴെയുള്ളവരെയും. പരിശോധനകളും ബോധവല്‍കരണങ്ങളും അരങ്ങു തകര്‍ക്കുമ്പോഴും അപകടങ്ങള്‍ക്ക് അറുതിയാവുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞെന്നതു മാത്രമാണ് അല്‍പ്പം ആശ്വാസമേകുന്നത്. കഴിഞ്ഞ വര്‍ഷം 385 പേര്‍ക്കും 2016ല്‍ 402 പേര്‍ക്കും ജീവന്‍ നഷ്ടമായതായാണ് ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരം. ജില്ലയിലെ നിരത്തുകളിലെ 60 ശതമാനം അപകടങ്ങളും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ഉപയോഗിക്കല്‍ തീരെ കുറവാണ്. ഇത് ബൈക്ക് അപകട മരണങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു. അപകടങ്ങള്‍ കുറയ്ക്കാനായി ശുഭയാത്ര അടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ട്രാഫിക് നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള മരണയോട്ടങ്ങളാണ് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതെന്ന് പോലിസ് പറയുന്നു. ബൈക്ക് അപകട മരണങ്ങളില്‍ നല്ലൊരു പങ്കും വിദ്യാര്‍ഥികളാണ്. വിദ്യാലയങ്ങളില്‍ ബൈക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെങ്കിലും അതൊന്നും എവിടെയും പാലിക്കുന്നില്ല. ഇവരെ പിടികൂടുന്നതിനായി പരിശോധനകളും നടക്കുന്നില്ല. ദേശീയപാതയിലാണ് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത്. ഇടിമുഴിക്കല്‍ മുതല്‍ ചങ്ങരംകുളം വരെയുള്ള 91 കിലോമീറ്ററിനിടയിലാണ് 42 ശതമാനം അപകടങ്ങളും. ഈ പാതയില്‍ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ലെന്നാണ് യാഥാര്‍ഥ്യം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ജില്ലയിലെ വാഹനാപകടങ്ങളില്‍ 1,074 പേരാണ് മരണപ്പെട്ടത്. 7,898 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കുകളോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവാത്തവരും ഇക്കൂട്ടത്തിലുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അപകട മരണങ്ങളുണ്ടായത്.
ഏപ്രിലില്‍ 41 പേര്‍ മരിച്ചു. മമ്പാട്ട് ബസ്സും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ ചെറുതും വലുതുമായ 13,331 അപകടങ്ങളുണ്ടായി. ഇതില്‍ 15,765 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1865 പേര്‍ മരിക്കുകയും ചെയ്തു.

RELATED STORIES

Share it
Top